നാദാപുരം: ലക്ഷങ്ങൾ മുടക്കി കുടി വെള്ള പദ്ധതി പൂർത്തീകരിച്ചെങ്കിലും പുറമേരി പഞ്ചായത്തിലെ അരൂർ മേഖലയിലെ ആയിരത്തോളം ജനങ്ങൾ ദാഹ ജലത്തിനായി നെട്ടോട്ടമോടുന്നു.എളയടം,അരൂർ,പെരുമുണ്ടച്ചേരി പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ എൽ ഐ സി സഹായത്തോടെ 98 ലക്ഷം രൂപ മുടക്കി 23 വർഷങ്ങൾക്കുമുന്പ് പൂർത്തീകരിച്ച പുറമേരി എ ആർ ഡബ്ലു എസ് എസ് (പ്രുറമേരി ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതി)പദ്ധതിയാണ് നോക്കു കുത്തിയായത്.
ഗുളികപുഴയിൽ നിന്ന് വെള്ളമെടുത്ത് കോട്ടപ്പള്ളിയിൽ നിന്ന് ശുദ്ധീകരിച്ച് അവിടെ നിന്ന് ഗ്രാവിറ്റി സംവിധാനം വഴി വിലാതപുരത്തെ തറനിരപ്പിലെ സംഭരണിയിലെത്തിച്ച് പിന്നീട് അവിടെ നിന്നും ഉയർന്ന പ്രദേശത്ത് സ്ഥാപിച്ച ആറു ലക്ഷം ശേഷിയുള്ള സംഭരണിയിലേക്ക് പന്പ് ചെയ്ത് അരൂർ മലയാടപ്പൊയിലിലെ സംഭരണിയിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ പദ്ധതി വഴി ജനത്തിന് ഇതുവരെ ഒരു തുള്ളി വെള്ളം നൽകാനായില്ല.
അരൂർ,എളയടം,പെരുമുണ്ടച്ചേരി മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്. കുന്നിൻ പ്രദേശങ്ങൾ കൂടുതലുള്ള ഈ ഭാഗത്ത് മഴ വിട്ടുമാറുന്നതോടെ ജലക്ഷാമം ആരംഭിക്കും. പുറമേരി,വിലാതപുരം,മുതുവടത്തൂർ ഭാഗങ്ങളിൽ വിഷ്ണുമംഗലം പദ്ധതി വഴിയാണ് ജലവിതരണം. ഇത് ഭാഗീകമാണ് പുഴയിൽ വെള്ളമുള്ളപ്പോൾ തന്നെ രണ്ടും മൂന്നും ദിവസങ്ങൾ ഇടവിട്ട് കിട്ടിയാലായി എന്ന മട്ടിലാലായിരുന്നു വിതരണം.
പുഴയിൽ വെള്ളമില്ലാതായതോടെ അതും ഇല്ലാതായി. 1990ലാണ് പദ്ധതി ആരംഭിച്ചത്.1996ൽ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.27 പൊതു ടാപ്പുകളും സ്ഥാപിച്ചിരുന്നു. ഇതിൽ പലതും ഇപ്പോൾ കാണാനില്ല. 98 ലക്ഷം രൂപയാണ് ഇതിനായി മുടക്കിയത്.പിന്നീട് റിപ്പേറിങ്ങിനായി വൻ തുക വേറെയും ചെലവഴിച്ചിട്ടുണ്ട്. മൊത്തം ഒരു കോടിയിൽ പരം രൂപ പാഴായി.
സ്വകാര്യ വ്യക്തികൾ സൗജന്യമായി നലൽകിയ സ്ഥലത്താണ് കൂറ്റൻ ടാങ്ക് പണി കഴിപ്പിച്ചത്.ടാങ്കിൽ ഘടിപ്പിച്ച ഇരുന്പ് പൈപ്പുകൾ തുരുന്പിച്ച് കഴിഞ്ഞു.ടാങ്കിന്റെ കോണ്ക്രീറ്റ് കാലുകളിലെ സിമന്റുകൾ അടർന്ന് വീഴുകയും ഇരുന്പ് കന്പികൾ ദ്രവിച്ചിട്ടുമുണ്ട്.ടാങ്ക് പരിസരത്ത് നിന്നും അര കിലോമീറ്റർ മാറി മറ്റൊരു വ്യക്തി നൽകിയ സ്ഥലത്ത് പന്പ് ഹൗസും നിർമ്മിച്ചിരുന്നു.ഇവിടെയുള്ള ലക്ഷങ്ങൾ വിലപിടിപ്പുള്ള മോട്ടോർ അഴിച്ച് മാറ്റി മുറിയിൽ സൂക്ഷിച്ചിരിക്കുന്നുണ്ട്.
ഇവയെല്ലാം തുരുന്പെടുത്ത നിലയിലുമാണ്.98 ലക്ഷം തുലച്ച എ.ആർ.ഡബ്ലു.എസ്.എസ് പദ്ധതി പരാജയപ്പെടാനിടയായ കാരണം കണ്ടു പിടിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. പദ്ധതിക്ക് ഫണ്ട് അനുവദിച്ചാൽ പ്രവൃത്തി തകൃതിയായി നടത്തും. ഫണ്ട് കൃത്യമായി വാങ്ങാൻ കരാറുകാർക്ക് ഒത്താശ ചെയ്യും. പക്ഷെ ജനത്തിന് വെള്ളം കിട്ടുമോ എന്ന് ചോദിക്കരുതെന്ന് മാത്രം.