മാന്നാർ: വാടകയ്ക്ക് മാറി മാറി താമസിച്ച് ആ പ്രദേശങ്ങളിലെ മോട്ടോറുകൾ മോഷ്ടിച്ച് ആക്രി കടയിൽ വിറ്റിരുന്ന ദമ്പതികൾ ഒടുവിൽ പോലീസ് പിടിയിലായി. ബുധനൂരിൽ വാടകയ്ക്ക് താമസിച്ച് ആ പ്രദേശങ്ങളിലെ സർക്കാർ ആഫീസുകൾ, സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിലെ മോട്ടോറുകൾ മോഷ്ടിച്ച് വന്നിരുന്ന ദമ്പതികളാണ് മാന്നാർ പോലീസിന്റെ വലയിൽ വീണത്. ഹരിപ്പാട് കാർത്തികപള്ളി മഹാദേവികാട് കൈമൂട്ടിൽ രാജേഷ് (41), ഭാര്യ താര(29) എന്നിവരാണ് സ്കൂട്ടറിൽ കറങ്ങി നടന്ന് മോട്ടോറുകൾ മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റിലായത്.
ഒരാഴ്ചക്ക് മുൻപാണ് എണ്ണക്കാട് വില്ലേജ് ഓഫീസിലെയും തൊട്ടടുത്തുള്ള ഗവ.എൽപി സ്കൂളിലെയും മോട്ടോറുകൾ മോഷണം പോയതായി പോലീസിൽ പരാതി ലഭിച്ചത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്. ആകെ ആറ് കേസുകളാണ് ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ ആക്രിക്കടയിൽ വിറ്റ മോട്ടോറുകൾ പോലീസ് കണ്ടെടുത്തു. വർഷങ്ങളായി മോഷണം നടത്തിവന്നിരുന്ന ഇവർ പിടിയിലാകുന്നത് ആദ്യമായിട്ടാണ്.
ചെങ്ങന്നുർ ഡിവൈഎസ്പി ബിനുകുമാറിന്റെ നിർദേശ പ്രകാരം മാന്നാർ പോലീസ് ഇൻസ്പെക്ടർ അനീഷ്.എ, എസ്.ഐ അഭിരാം സി.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ , സിപിഒ ഹരിപ്രസാദ്, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.