സ്വന്തം ലേഖകന്‍
കോഴിക്കോട്: വാഹനങ്ങള്‍ വില്ക്കുമ്പോള് അതിന്റെ ഉടമസ്ഥാവകാശം ഇനി മുതല്‍ വില്ക്കുന്നയാള് തന്നെ മാറ്റണം. ഇനി മുതല്‍ രജിസ്ട്രേഷന് മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. ഇതുപ്രകാരം, രജിസ്ട്രേഷന് മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ് മുന്‍കൈയെടുക്കേണ്ടതെന്നും പോലീസ് അറിയിച്ചു. വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ പുതിയ നടപടിക്രമങ്ങള്‍ നിലവില്‍ വന്നതോടെയാണ് പോലീസിന്റെ അറിയിപ്പ്.
രജിസ്ട്രേഷന് വാഹന്‍ 4 സോഫ്റ്റ്വെയര് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ മാറ്റം. മേയ് മാസത്തോടെ സംസ്ഥാനത്ത് ഇത് പൂര്‍ണമായി നടപ്പില്‍വരും.വാഹനം വാങ്ങുന്നയാള്‍ ആര്‍സി ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന അവസ്ഥയാണുള്ളത്.
നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍ടി ഓഫീസില്‍ നല്‍കിയാണ് രജിസ്ട്രേഷന് മാറ്റുന്നത്. എന്നാല്‍ നിലവിലെ സംവിധാനം പല പ്രശ്നങ്ങള്‍ക്കും കാരണമായതോടെയാണ് ഉടമസ്ഥാവകാശം വില്ക്കുന്നയാള് തന്നെ മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ മാട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.
വാഹനം വില്ക്കുന്നയാള് ഇനി ഓണ്‍ലൈനിലൂടെയാണ് കൈമാറ്റഫോറം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വാങ്ങുന്നയാളിന്റെ മേല്‍വിലാസത്തിനൊപ്പം മൊബൈല്‍ നമ്പറും ഓണ്‍ലൈനായി നല്‍കണം. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി കൂടി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയാലേ അപേക്ഷസമര്‍പ്പണം പൂര്‍ത്തിയാകുകയുള്ളൂ. ഫീസും ഓണ്‍ലൈനായി അടയ്ക്കണം.
പൂരിപ്പിച്ച അപേക്ഷ, ഫീസ് രസീത് എന്നിവയുടെ പ്രിന്റ് ഔട്ട് ഒറിജിനല്‍ ആര്‍സിയുമായി വില്ക്കുന്നയാള് പിന്നീട് നേരിട്ട് ആര്‍ടി ഓഫീസിലെത്തിയും അപേക്ഷ നല്‍കണം. ഈ ഓഫീസില്‍ വാഹനവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഒറിജിനല്‍ ആര്‍സി ഉപയോഗശൂന്യമാക്കിയശേഷം വാഹനം വിറ്റ വ്യക്തിക്ക് നല്‍കും. ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുമ്പോള്‍ തന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം വാങ്ങിയ ആളിന്റെ താമസസ്ഥലത്തെ ആര്‍ടിഓഫീസിൽ ലഭ്യമാകും. ഇവിടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും പുതിയ ആര്‍സി തയാറാക്കുക. വാഹനം വാങ്ങുന്നയാള്‍ ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുമായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നമുറയ്ക്ക് പുതിയ ആര്‍സി ലഭിക്കും.