വാഹനങ്ങള്‍ക്ക് പിഴയുണ്ടോ എന്ന് പരിശോധിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ചലാനുകളില്‍ ഫൈന്‍ അടയ്ക്കേണ്ടതുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ആശ്വസിക്കാന്‍ വരട്ടെ എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.
അത്തരം ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ല എന്നതാണ് കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നു. അത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമാകുകയുള്ളുവെന്നാണ് അത് സൂചിപ്പിക്കുന്നത്.
കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ മറ്റ് കേസുകളെ പോലെ കോടതിയില്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളില്‍ വിശദമായ കുറ്റ വിചാരണ നടത്തി ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാന്‍ സാധിക്കുകയുള്ളു.
പ്രധാനമായും ട്രാഫിക് സിഗ്നലുകള്‍ ഉള്ള ജംഗ്ഷനുകളില്‍ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിര്‍ത്താനുള്ള ചുവപ്പ് സിഗ്നല്‍ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ്പ് ലൈനും (സീബ്ര ക്രോസിംഗിന് മുന്‍പായി വാഹനം നിര്‍ത്താന്‍ സൂചിപ്പിക്കുന്ന വരകള്‍) കടന്ന് കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളില്‍ നിര്‍ത്തിയിടുന്നത്. ട്രാഫിക് സിഗ്നലുകളിലെ ഇത്തരം നിയമലംഘനങ്ങള്‍ ഇ ചലാന്‍ ചെയ്യപ്പെടുന്നതാണ്.
അത്തരംചലാന് ലഭിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രസ്തുത ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിനെ ബന്ധപ്പെടുകയോ അല്ലെങ്കില്‍ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയോ ചെയ്യുക. ട്രാഫിക് സിഗ്നലുകളിലും റൗണ്ട് എബൗട്ടുകളിലും നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയില്‍ ഓവര്‍ടേക്കിംഗ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കുകയോ ചെയ്താലും ഇതേ ശിക്ഷാ വിധികള്‍ തന്നെയായിരിക്കും. അതിനാല്‍ ഫൈന്‍ തുകയില്ലാത്ത ചലാനുകള്‍ തീര്‍പ്പുകല്‍പ്പിക്കുക അത്ര ഫൈന്‍ ആയ കാര്യമല്ല എന്നോര്‍ക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക പേജില്‍ വ്യക്തമാക്കുന്നത്.
സ്വന്തം ലേഖകന്‍