ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍.
പത്തനാപുരം ആര് ടി ഒ ഓഫീസിലെ ഉദ്യോഗസ്ഥനായ കുണ്ടറ മുളവന പേരയം അമ്പിയില്‍ വിജയനിവാസില്‍ എ എസ് വിനോദാണ് അറസ്റ്റിലായത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ഇയാള്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പുനലൂര്‍ ഡി വൈ എസ് പിയ്ക്ക് മുമ്പാകെ ഇയാള്‍ ഹാജരായി.
കഴിഞ്ഞ ജൂലായ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിംഗ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പരാതിക്കാരിയായ യുവതിയോട് വിനോദ് വാഹനത്തിനുള്ളില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നതാണ് കേസ്.
സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ കീഴടങ്ങിയത്.
കീഴടങ്ങലിന് പിന്നാലെ വിനോദിനെ സംഭവം നടന്ന വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ പത്തനാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് കോടതി റിമാന്‍ഡ് ചെയ്തു.