ആറ്റിങ്ങൽ : നേരിട്ടു നിയമനം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വനിതാ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ആറ്റിങ്ങൽകാരി സരിഗ ജ്യോതി. 176 പേരുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ബാച്ചിലെ ഏക വനിതയാണ് ഊരൂപ്പൊയ്ക പൂക്കളത്തിൽ സരിഗ ജ്യോതി. പൊതുപരീക്ഷയിലൂടെ നേരിട്ട് നിയമനം നേടിയ ആദ്യവനിതയായ സരിഗ ബിടെക് ബിരുദധാരിയാണ്. ഡ്രൈവറായ അച്ഛൻ ജ്യോതികുമാറിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് സരിഗയുടെ നേട്ടം.
മോട്ടോർവാഹനവകുപ്പിൽ നാല് വനിതാ ഇൻസ്പെക്ടർമാരുണ്ടെങ്കിലും അവരെല്ലാം തസ്തികമാറ്റംവഴി നിയമനം നേടിയവരാണ്. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ ഡിപ്ലോമ ഉള്ള ഓഫീസ് ജീവനക്കാർക്ക് വകുപ്പുതല പരീക്ഷയിലൂടെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലേക്ക് മാറാനാകും. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സേഫ് കേരളയുടെ ഭാഗമായാണ് 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കുന്നത്.
പ്ലസ്ടുവിന് ശേഷം ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് ഡിപ്ലോമയ്ക്ക് ചേർന്നു. ടു വീലർ, ഓട്ടോറിക്ഷ, കാർ എന്നിവയുടെ ഡ്രൈവിംഗ് ലൈസൻസ് നേടി. രണ്ടുവർഷത്തിന് ശേഷം ഹെവി ലൈസൻസും സ്വന്തമാക്കി. പെരുമൺ എൻജിനിയറിംഗ് കോളജിൽ ബിടെക്കിന് അവസാന സെമസ്റ്റർ പഠനത്തിനിടെയാണ് അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷ എഴുതിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ എത്തിയാണ് ജോലിയിൽ പ്രവേശിച്ചത്. ഇടുക്കി സ്ക്വാഡിലേക്കാണ് നിയമനം. പരിശീലനം പൂർത്തിയായശേഷം ഫെബ്രുവരിയിലായിരിക്കും ഓഫീസ് ഡ്യൂട്ടി നൽകുക. ശ്രീലതയാണ് മാതാവ്, സൗപർണിക, സൗഭാഗ്യ എന്നിവർ സഹോദരിമാരാണ്.