അങ്കമാലി: ഫോട്ടോകളുടെ പശ്ചാത്തലം മാറ്റി അടിപൊളിയാക്കുന്ന മോട്ടോഗ്രാഫിയില് വിസ്മയം തീര്‍ക്കുകയാണു ജീവന് എന്ന വിദ്യാർഥി.
ഒരു ഫോട്ടോ ലഭിച്ചാൽ അനുയോജ്യമായ പശ്ചാത്തലമൊരുക്കി ചിത്രത്തെ മറ്റൊരു ലെവലിലേക്ക് ഉയർത്തും. പശ്ചാത്തലം മാറുന്നതോടെ നാട്ടിൻപുറത്തെ റോഡിൽ ബൈക്കിലിരിക്കുന്നയാൾ വിദേശരാജ്യങ്ങളിലെ ഏതെങ്കിലും സിറ്റിയിലാണെന്ന പ്രതീതിയുണ്ടാകും.
ഇത്തരം ചിത്രങ്ങൾക്കു രൂപം നല്കി ശ്രദ്ധേയനായി മാറിയിരിക്കുകയാണ് അങ്കമാലി കറുകുറ്റി എടക്കുന്നിലെ സാജു ഏനായിയുടെ ഇളയ മകനായ ജീവന്.
കറുകുറ്റി സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു പഠനശേഷം ജീവന് തുടര്‍പഠനത്തിനു തെരഞ്ഞെടുത്തതും ഇതേ വിഷയംതന്നെ. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളജില്‍ ആനിമേഷന്‍ ആന്‍ഡ് ഡിസൈനിംഗ് വിദ്യാര്‍ഥിയാണിപ്പോള്‍.
ഹൈസ്കൂള്‍ പഠനശേഷം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ രൂപമാറ്റം വരുത്തിയ മോട്ടോര്‍ ബൈക്കുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുകണ്ട് ആകൃഷ്ടരായ ചിലര്‍ അത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഈരംഗത്ത് സജീവമായത്.
രൂപമാറ്റം വരുത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കവര്‍ ചിത്രങ്ങളായും കലണ്ടറായും ടേബിള്‍ ടോപ്പായും ഉപയോഗപ്പെടുത്താം. വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ഇപ്പോൾ ഇത്തരം ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്നു ജീവൻ പറയുന്നു. ഇതുവഴി പണവും സന്പാദിക്കുന്നു.
ജീവന്റെ motographer_kid_ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ ഇത്തരം ചിത്രങ്ങൾ കാണാം. ജീവന്റെ സഹോദരൻ ജെയിനും ചിത്രകലയില്‍ അഭിരുചി പുലര്‍ത്തിയിരുന്നു. അമ്മ: ലിജി. പിതാവ് സാജു ദീപിക ദിനപത്രത്തിന്റെ ഏജന്റാണ്.