തിരുവനന്തപുരം: തലയിൽ മുടിയില്ലാത്തവരെ കാണുന്പോൾ ’ഡാ മൊട്ടേ’ എന്നു വിളിക്കാത്ത ആരെങ്കിലുമുണ്ടോ? ആരുമുണ്ടാകാൻ വഴിയില്ല. അതേ വിളി തന്നെയാണു ഹരീന്ദ്രൻ എന്ന കലാകാരന്റെ സിനിമ ക്ലബിനു പേരുനൽകിയത്- ’മൊട്ട സിനിമ ക്ലബ്’. ഒരു മൊട്ടത്തലയിലൂടെ കടന്നു പോകുന്ന സിനിമാ റീലും തലയിലെ കാമറയുമെല്ലാം ഉൾപ്പെടുത്തിയ ലോഗോ പേരുപോലെ തന്നെ നമ്മളിൽ കൗതുകമുണർത്തും.
നടനും സഹസംവിധായകനുമൊക്കെയായി ബി. ഹരീന്ദ്രകുമാർ എന്ന കലാകാരൻ സിനിമാ മേഖലയിൽ കുട്ടിക്കാലം മുതലേയുണ്ട്. ടെലിവിഷൻ പരിപാടിയായ മുൻഷിയിലെ മൊട്ടയെ അവതരിപ്പിച്ച ഹരീന്ദ്രന്റെ കഥാപാത്രം പ്രശസ്തമായതോടെ ആ മൊട്ടത്തലയും അങ്ങു പ്രശസ്തമായി. പിന്നെ ഹരീന്ദ്രൻ എല്ലാവർക്കും മൊട്ടയായി മാറി. യഥാർഥ പേര് ഇപ്പോൾ ആരും വിളിക്കാറില്ല എന്നാണ് ഹരീന്ദ്രൻ പറയുന്നത്.
ക്ലബിന്റെ പേരിട്ടതു വളരെ രസകരമായ ഒരു സംഭവമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ഹരീന്ദ്രൻ പറഞ്ഞു -“”സിനിമയെന്ന കലയെ സാധാരണക്കാരിലേക്ക് എത്തിക്കാൻ ഒരു ക്ലബ് തുടങ്ങണം എന്നതു വളരെ മുൻപേ എന്റെ മനസിലുണ്ടായിരുന്നു. മൂന്നോ നാലോ പേരും കണ്ടു വച്ചിരുന്നു. ഒരു വർഷം മുൻപാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രധാന കഥാപാത്രമാക്കി ഞാനൊരു ഹ്രസ്വചിത്രം ചെയ്തത്. അന്നു ലോക്കേഷനിൽ വെറുതേ സംസാരിക്കുന്നതിനിടെ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കിയ ശേഷം പറഞ്ഞു “തന്റെ പേരു തന്നെയാകട്ടെ തന്റെ ക്ലബിനും’.
മൊട്ട സിനിമ ക്ലബ് എന്ന പേരിനോടു സുഹൃത്തുക്കളും യോജിച്ചു. സിനിമ എന്ന കലയെ സാധാരണക്കാരിലേക്കു എത്തിക്കുക എന്ന ലക്ഷ്യവുമായി എത്തുന്ന ക്ലബിൽ സിനിമാ പ്രവർത്തകരും സിനിമാ പ്രേമികളും അംഗങ്ങളാണ്. സിനിമയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ, സ്കൂൾ തലം മുതലുള്ള കുട്ടികൾക്കായി അവധിക്കാല ക്ലാസുകളും സിനിമ പ്രദർശനവും, സ്കൂൾ എഫ്എമ്മിൽ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പരിപാടികൾ തുടങ്ങിയവയാണ് ക്ലബിന്റെ പ്രധാന പ്രവർത്തനങ്ങൾ.
എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഇലിപ്പോട് ജംഗ്ഷൻ, മാനവീയം വീഥി എന്നിവിടങ്ങളിൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സിനിമാ പ്രദർശനം നടത്തും. ലോകസമാധാനം എന്ന വിഷയവുമായി എത്തുന്ന ലോസ എന്ന സിനിമയുടെ ഒരുക്കങ്ങളിലാണു മൊട്ട സിനിമ ക്ലബ് ഇപ്പോൾ. പദ്മാനാഭൻ തന്പി തിരക്കഥയെഴുതുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് പൂവച്ചൽ ഖാദറാണ്.