വാഷിങ്ടൺ: ലോറിയൽ കമ്പനിയുടെ ഹെയർ സ്ട്രങ്തനിങ് ഉൽപ്പന്നങ്ങൾ ഗർഭാശയ അർബുദത്തിന് കാരണമായെന്ന് കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു.എസ് യുവതി കോടതിയിൽ.
കമ്പനിക്കെതിരെ കേസ് നൽകിയിരിക്കയാണ് ജെന്നി മിച്ചൽ. 20 കൊല്ലമായി ഈ കമ്പനിയുടെ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.
അർബുദത്തെ തുടർന്ന് ഗർഭാശയം എടുത്തുമാറ്റേണ്ടി വന്നു. കെമിക്കൽ ഹെയർ സ്ട്രങ്തനിങ് ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗർഭാശയ അർബുദത്തിന് ഇടയാക്കുന്നു എന്ന ഒരു പഠനം നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് യുവതി പരാതി നൽകിയത്.
വർഷത്തിൽ നാലിലേറെ തവണ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന യുവതികൾക്ക്, ഇവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഗർഭാശയ അർബുദം വരാനുള്ള സാധ്യത രണ്ട് മടങ്ങാണെന്നായിരുന്നു പഠന റിപോർട്ട്.
ഗർഭാശയ അർബുദം അപൂർവമാണ്. അതേസമയം, യു.എസിൽ കറുത്ത വർഗക്കാരായ സ്ത്രീകൾക്കിടയിൽ ഗർഭാശയ അർബുദം വർധിച്ചു വരികയാണ്.
വിപണിയിൽ ലഭ്യമായ സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് മൂലമാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഫ്രഞ്ച് കോസ്മെറ്റിക് കമ്പനിയാണ് ലോറിയൽ. പരാതിയിൽ കമ്പനി പ്രതികരിച്ചിട്ടില്ല.