ഉത്തര്‍പ്രദേശില്‍ വന്യജീവി സങ്കേതത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയ കുട്ടിക്ക് മേല്‍ അവകാശവാദവുമായി ദമ്പതികള്‍. കാട്ടില്‍ കഴിഞ്ഞിരുന്ന കുട്ടിയെ മൗഗ്ലി ഗേള്‍ എന്ന പേരിലാണ് ആളുകള്‍ തിരിച്ചറിഞ്ഞിരുന്നത്. ഈ പെണ്‍കുട്ടിയെ വളര്‍ത്തിയിരുന്നത് കുരങ്ങന്മാരായിരുന്നു എന്നും പ്രചരിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി അബദ്ധവശാല്‍ കാട്ടില്‍ എത്തിപ്പെട്ടതാണെന്നും കുരങ്ങന്മാരായിരുന്നില്ല ഇവളെ വളര്‍ത്തിയിരുന്നതെന്നും വ്യക്തമാക്കികൊണ്ട് കുട്ടിയെ കണ്ടെത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടി ‘മൗഗ്ലിഗേള്‍’ അല്ലെന്നും കഴിഞ്ഞ വര്‍ഷം കാണാതായ തങ്ങളുടെ മകളാണെന്നും അവകാശപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു.
45 വയസ്സുകാരനായ റംസാന്‍ അലിയും 35 വയസ്സുകാരിയായ നസ്മയുമാണ് അവകാശവാദവുമായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് കാണാതായ കുഞ്ഞിനെക്കുറിച്ച് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും പോലീസുകാര്‍ തങ്ങളെ അവഗണിച്ചുവെന്നും അതുകൊണ്ട് കാണാതായ കുഞ്ഞിന്റെ വിവരങ്ങളടങ്ങിയ പോസ്റ്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പതിപ്പിക്കുകയും അങ്ങനെ തങ്ങളാല്‍ കഴിയുന്ന വിധം കുഞ്ഞിനെ കണ്ടെത്താന്‍ ശ്രമിച്ചുവെന്നും അവര്‍ പറയുന്നു. അലിസ എന്നാണ് കുട്ടിയുടെ പേരെന്നും അവള്‍ക്ക് എട്ടുവയസ്സല്ല, 10 വയസ്സുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. കുഞ്ഞിന്റെ ചിത്രങ്ങളും പോസ്റ്ററുകളും കാട്ടിക്കൊടുത്ത ശേഷം ഇത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിനും തയാറാണെന്ന് ദമ്പതികള്‍ അറിയിച്ചു.
അവള്‍ എന്റെ മകളാണ്. കഴിഞ്ഞ വര്‍ഷമാണ് കാണാതെയായത്. അന്ന് ഏറെത്തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പോലീസ് സഹായം തേടിയിരുന്നെങ്കിലും മതിയായ പ്രതികരണം ഉണ്ടായില്ല. ഇത്രയും നാളായിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ അവള്‍ മരിച്ചുവെന്നോ അല്ലെങ്കില്‍ ആരെങ്കിലുമവളെ തട്ടിക്കൊണ്ടു പോയെന്നോ ആണ് കരുതിയത്. പത്രവാര്‍ത്ത കണ്ടപ്പോഴാണ് അവള്‍ ജീവിച്ചിരിക്കുന്ന കാര്യം അറിഞ്ഞത്. അവളെ തിരിച്ചു കിട്ടിയത് അനുഗ്രഹമായിട്ടാണ് കരുതുന്നത്. തങ്ങളുടെ സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാനാവില്ല. ദമ്പതികളെ കണ്ടിട്ടും കുട്ടി തിരിച്ചറിയാത്തതിനെ തുടര്‍ന്ന് യഥാര്‍ഥ അവകാശികള്‍ ആണോ എന്ന് ചൈല്‍ഡ് ഹോം അധികൃതര്‍ക്ക് സംശയത്തിലാണ്.
അതേസമയം, കുട്ടിക്ക് മാനസീകാസ്വാസ്ഥമുള്ളതിനാലാണ് സ്വന്തം അച്ഛനെപ്പോലും തിരിച്ചറിയാന്‍ കഴിയാഞ്ഞതെന്നാണ് ഇവരുടെ വിശദീകരണം. മാനസീകാസ്വാസ്ഥ്യമുള്ള അവള്‍ക്കുവേണ്ടി മരുന്നുവാങ്ങാന്‍ പോയപ്പോഴാണ് അവളെ കാണാതാവുന്നത്. അവള്‍ എങ്ങനെ വനത്തിലെത്തിയെന്നും അറിയില്ലെന്നും ദമ്പതികള്‍ പറയുന്നു. ബഹ്‌റായ്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച മാനസിക വൈകല്യം നേരിടുന്നവര്‍ക്കുള്ള ലക്‌നൗവിലെ നിര്‍വാണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതായാലും ചികിത്സയ്ക്കുശേഷം പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.