മെഡൻ: ഇന്തോനേഷ്യയിലെ മൗണ്ട് സിനബംഗ് അഗ്നിപർവതം ഇന്നലെ വീണ്ടും പൊട്ടിത്തെറിച്ചു.
വടക്കൻ സുമാത്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവതത്തിന്റെ പൊട്ടിത്തെറി 12 മിനിറ്റ് നീണ്ടുനിന്നതായി ജിയോളജിക്കൽ ഏജൻസി അറിയിച്ചു.
പ്രദേശം ചാരവും പുകയും നിറഞ്ഞിരിക്കുകയാണ്. പൊട്ടിത്തെറിയെത്തുടർന്ന് അവശിഷ്ടങ്ങൾ 4500 മീറ്റർ വരെ ഉയർന്നു.
പൊട്ടിത്തെറി തൊട്ടടുത്ത ഗ്രാമങ്ങളെ ബാധിച്ചിട്ടില്ലാത്തതിനാൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടില്ല.
വിമാന സർവീസുകൾ സാധാരണ നിലയിലാണ്. അതേസമയം, ലാവാപ്രവാഹം തുടർന്നാൽ അഞ്ചു കിലോമീറ്റർ പരിധിയിലുള്ളവരെ ഒഴിപ്പിക്കുന്നത് അധികൃതരുടെ പരിഗണനയിലുണ്ട്.
നൂറ്റാണ്ടുകളായി ഉറങ്ങിക്കിടന്ന സിനബംഗ് അഗ്നിപർവതം 2010ൽ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചിരുന്നു.
മൂന്നു വർഷത്തിനുശേഷം 2013ൽ വീണ്ടും തീ തുപ്പി. അതിനുശേഷം ഇത് സജീവമാണ്. 2014ലെ ലാവാപ്രവാഹത്തിൽ 16 പേരും 2016ൽ ഏഴു പേരും കൊല്ലപ്പെട്ടു.
17,000ൽ അധികം ദ്വീപുകളുടെ കൂട്ടമായ ഇന്തോനേഷ്യയിൽ 130 സജീവ അഗ്നിപർവതങ്ങളുണ്ടെന്നാണു കണക്ക്.