ഇന്ത്യ ഒട്ടുക്ക് വിവിധ ഭാഷകളില്‍ കോടിക്കണക്കിന് പ്രേക്ഷകര്‍ കണ്ട പരമ്പരയാണ് നാഗകന്യക. പരമ്പര ഹിറ്റായതോടെ ഏവരും തേടിയത് നാഗകന്യയായി നിറഞ്ഞാടിയ ആ നടിയെ ആയിരുന്നു. ആ ഒരു കഥാപാത്രം മൗനി റോയിക്ക് ആളുകളുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠയാണ് നേടിക്കൊടുത്തത്. ടെലിവിഷന്‍ സ്ക്രീനില്‍ നിന്ന് ബി ടൗണിലേക്ക് ചേക്കേറിയ താര സുന്ദരി താന്‍ ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ക്കെല്ലാം നന്ദി പറയുന്നത് നാഗകന്യകയോടാണ്.
2007 ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. കരുത്തും വൈവിധ്യവുമുള്ള വേഷങ്ങളിലൂടെ ടെലിവിഷന്‍ പ്രേഷകരുടെ മനസ്സു കവര്‍ന്നു. കരിയറിന്റെ തുടക്കം മുതല്‍ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ മൗനിക്കായി. സമൂഹമാധ്യമങ്ങളിലൂടെയും മൗനിയെ നിരവധിപേര്‍ പിന്തുടരുന്നുണ്ട്. പാപ്പരാസികളും മൗനിയുടെ പിന്നാലെ തന്നെയുണ്ട്.’ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന ഹിന്ദി സീരിയല്‍ മുതല്‍ 2011 ല്‍ സംപ്രേഷണം ചെയ്ത ‘ദേവന് കി ദേവ് മഹാദേവ്’ എന്ന പരമ്പര വരെ മൗനിയുടെ കരിയറില്‍ കൃത്യമായ വളര്‍ച്ചയുണ്ടായിരുന്നു. അവരുടെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമായിരുന്നു അത്.
2015 ല്‍ സംപ്രേഷണം ചെയ്ത നാഗിന് (നാഗകന്യക) എന്ന പരമ്പരയാണ് മൗനിയുടെ കരിയറിന് വലിയൊരു ബ്രേക്ക് നല്കിയതും. വലിയൊരു ആരാധകനിരയെത്തന്നെ സമ്മാനിച്ചതും. എന്നാല്‍ ഇപ്പോള്‍ ടെലിവിഷന്‍ സ്ക്രീനില്‍ നിന്ന് വെള്ളിത്തിരയിലേക്കാണ് താരം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.ടെലിവിഷന്‍ സ്ക്രീനില്‍ നിന്ന് ബിഗ്സ്ക്രീനിലേക്കുള്ള തന്റെ യാത്ര അത്രയെളുപ്പമൊന്നുമായിരുന്നില്ലെന്നാണ് മൗനി പറയുന്നത്.
” ടെലിവിഷന്‍ സ്ക്രീനില്‍ നിന്ന് ബി ടൗണിലേക്ക് ചുവടുമാറ്റണമെന്ന് ചിന്തിച്ച സമയത്തായിരുന്നില്ല ഗോള്‍ഡ് എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. അക്ഷയ്കുമാറിനൊപ്പമായിരുന്നു അഭിനയിച്ചത്. ആ ചിത്രത്തിനു ശേഷമാണ് ചലച്ചിത്രങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇന്നത്തെ ഞാന്‍ എന്താണോ അതിനു കാരണം നാഗകന്യകയാണ്. ആ പരമ്പര ഏറെ പ്രസിദ്ധമായിരുന്നു. അതിനിയും തുടരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും സിനിമയിലാണ്.”താന്‍ ഓഡീഷനില്‍ പങ്കെടുത്തിട്ടു തന്നെയാണ് തനിക്ക് വ്യത്യസ്ഥതയുള്ള കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്ന് താരം പറയുന്നു.