പല ആള്ദൈവങ്ങളും സിദ്ധന്മാരും കാലയവനികയ്ക്കുള്ളില് മറയുന്നതോടെ വിസ്മൃതരാവുകയാണ് പതിവ്. എന്നാല് ഇതില് നിന്നും തികച്ചും വിഭിന്നമാണ് മൗനിബാബയുടെ ചരിത്രം . മരിച്ച് ആറു വര്ഷങ്ങള്ക്കിപ്പുറവും മൗനിബാബയും അദ്ദേഹത്തിന്റെ ജീവിതവും ഒരു പ്രഹേളികയായി അവശേഷിക്കുകയാണ്. ബാബ ഇപ്പോഴും മരിച്ചിട്ടില്ലെന്നു കരുതുന്നവരുണ്ട്. ബാബയുടെ ആശ്രമമായ പ്രശാന്തിയെ ചൂഴ്ന്ന് ആ രഹസ്യങ്ങള് മറനീക്കാതെ കിടക്കുന്നു.
കേന്ദ്രസര്ക്കാരില് ഉന്നത ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര് തായലവളപ്പില് അച്യുതന്റെ മകന് കൃഷ്ണന്കുട്ടിയാണ് പില്ക്കാലത്ത് മൗനിബാബ എന്നറിയപ്പെട്ടത്. പരവതാനി- രത്നക്കല്ല് കയറ്റുമതിക്കാരനായിരുന്ന കൃഷ്ണന്കുട്ടി കൃഷ്ണാജി എന്നും അറിയപ്പെട്ടിരുന്നു. ഇംഗ്ലണ്ടും അമേരിക്കയുമായിരുന്നു അദ്ദേഹത്തിന്റെ വ്യാപാരസാമ്രാജ്യം. ഷിര്ദിസായി ബാബയുടെ ശിഷ്യനായ മെഹര്ബാബയുടെ ശിഷ്യനായശേഷം 1960കളുടെ അവസാനം മുതലാണ് ഇദ്ദേഹം മൗനം വരിക്കാനാരംഭിച്ചത്. തുടര്ന്ന് ആശയവിനിമയത്തിനായി ആംഗ്യഭാഷയാണ് ഉപയോഗിച്ചു പോന്നത്. ഇതോടെ ആളുകള് ഇദ്ദേഹത്തെ മൗനിബാബയെന്നു വിളിക്കുകയായിരുന്നു.
മൗനിബാബ മരിച്ചിട്ട് ആറുവര്ഷം കഴിഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും ചര്ച്ചാവിഷയമാണ്. ചെറുവത്തൂരിലെ കണ്ണാടിപ്പാറയില് പ്രശാന്തിനിലയം ഉള്പ്പെട്ട 34 ഏക്കര് സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ബാബയുടെ ജീവിതം ഇപ്പോഴും ചര്ച്ചയാക്കുന്നത്. 1958മുതല് ബാബയുടെ ഒപ്പമുണ്ടായിരുന്ന കണ്ണൂര് പള്ളിക്കുന്ന് സ്വദേശിയായ സാവിത്രിയമ്മയുടെ കൈവശമാണ് ഈ സ്വത്തുക്കള്. എന്നാല് ട്രസ്റ്റ് രൂപവല്ക്കരിച്ച് സ്ഥലം പൊതുഉപയോഗത്തിനായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്ത്യയിലെയും അമേരിക്കയിലെയും തന്റെ സ്വത്തുക്കള് സാവിത്രിയുടെ നേതൃത്വത്തില് ഫൗണ്ടേഷന് രൂപവല്ക്കരിച്ച് കൈമാറും എന്നു ബാബ വ്യക്തമാക്കിയിരുന്നുവെന്നും അതിനുശേഷമാണ് അമേരിക്കയില് വെച്ച് ബാബ ദുരൂഹസാഹചര്യത്തില് മരിച്ചതെന്നും പറയപ്പെടുന്നു. 2010ലാണ് ബാബ മരിച്ചത്. എന്നാല് 2003ല്ത്തന്നെ ഒസ്യത്ത് എഴുതിയിരുന്നെങ്കിലും രജിസ്റ്റര് ചെയ്തിരുന്നില്ല.
എന്നാല് സ്വത്ത് കൈകാര്യം ചെയ്യാനായി സാവിത്രിയമ്മ മുന്നോട്ടു വയ്ക്കുന്ന വാദമുഖങ്ങളാണ് സംഭവത്തെ കൂടുതല് ദുരൂഹമാക്കുന്നത്. ബാബ തനിക്ക് ഒസ്യത്തായി എഴുതിത്തന്ന സ്വത്താണിതെന്നും അത് താന് കൈകാര്യം ചെയ്യുന്നതില് നിയമതടസമില്ലെന്നുമാണ് ഇവര് പറയുന്നത്. ‘പ്രശാന്തി’ എന്ന പേരില് ബാബയുടെ തപോഗൃഹത്തിനടുത്തായി സ്മൃതിമണ്ഡപം പണിയാനുള്ള നീക്കത്തിലാണിവര്. അതേസമയം മൗനിബാബ രാജ്യാന്തരബന്ധമുള്ള വ്യക്തിയായതിനാല് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് നാട്ടില് നിലനില്ക്കുന്ന സംശയങ്ങള് ദൂരീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര് കര്മ്മ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ആഭ്യന്തരവകുപ്പിനു പരാതിയും നല്കിയിട്ടുണ്ട്. സഹോദരിയും മക്കളും ഉള്പ്പെടെയുള്ള ബന്ധുക്കളുണ്ടായിരിക്കെ അവരെ പരാമര്ശിക്കാതെ ബാബ വില്പത്രം തയാറാക്കിയെന്ന് പറയുന്നതില് സംശയമുണ്ടെന്നാണ് കര്മസമിതി ഭാരവാഹികള് പറയുന്നത്. സാവിത്രിയമ്മയെ കരുവാക്കി മറ്റാരോ പ്രവര്ത്തിക്കുന്നുണ്ടെന്ന സംശയവും കര്മസമിതി അംഗങ്ങള്ക്കുണ്ട്.