ബാഹുബലി എന്ന സിനിമയിൽ നായകൻ കൈമാത്രം ഉപയോഗിച്ച് മലകൾ കീഴടക്കുന്ന ദൃശ്യം എല്ലാവരുടെയും മനസിലുണ്ട്. പക്ഷേ ഗ്രാഫിക്സിന്റെ സഹായത്തോടെയായിരുന്നു അത്തരം രംഗങ്ങൾ ചിത്രീകരിച്ചത്. എന്നാൽ ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ കൈമാത്രം ഉപയോഗിച്ച് ഒരാൾ ഒരു പർവതം കീഴടക്കി എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?.
നോർത്തേണ് കാലിഫോർണിയ സ്വദേശിയായ അലക്സ് ഹൊണോൾഡ് എന്ന 31 വയസുകാരനാണ് കാലിഫോർണിയലെ യോസ്മൈറ്റ് നാഷണൽ പാർക്കിലെ എൽ ക്യാപ്റ്റൻ എന്ന 3,000 അടി ഉയരമുള്ള ഗ്രാനൈറ്റ് മല യാതൊരു സുരക്ഷാ ഉപകരണങ്ങളുടെയും സഹായമില്ലാതെ കീഴടക്കിയത്. മൂന്നു മണിക്കൂറും 56 മിനിറ്റുമാണ് അദ്ദേഹം ഈ ദൗത്യം പൂർത്തിയാക്കാൻ എടുത്ത സമയം.
തെന്നുന്ന പാറയിൽ കൈ വഴുതാതിരിക്കാൻ കുറച്ചു പൊടി മാത്രമാണ് അലക്സിന്റെ കൈവശമുണ്ടായിരുന്നത്. ഇതിനു മുന്പ് കയർ ഉപയോഗിച്ച് അദ്ദേഹം നിരവധി തവണ എൽ ക്യാപ്റ്റനു മുകളിൽ കയറിയിരുന്നു. ഈ സമയത്ത് രേഖപ്പെടുത്തിയ അടയാളങ്ങളാണ് അലക്സിന് സഹായകമായത്.
എൽ ക്യാപ്റ്റൻ കണ്ടതു മുതൽ ഉപകരണങ്ങളുടെ സഹായമില്ലാതെ ഇതിനു മുകളിൽ കയറണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്നാണ് അലക്സ് പറയുന്നത്. 2,300 അടി ഉയരത്തിലെത്തിയപ്പോഴാണ് ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെട്ടതെന്നാണ് അദേഹം പറയുന്നത്. കാരണം ഗ്രിപ്പ് നഷ്ടപ്പെട്ടതിനാൽ തള്ളവിരൽ മാത്രമാണ് ഉപയോഗിക്കാൻ കഴിഞ്ഞത്. മുൻപ് മലകയറിയപ്പോൾ ഇതു മനസിലാക്കിയിരുന്ന അലക്സ് ഇതു തരണം ചെയുന്നതിനായി ദിവസവും തള്ളവിരൽ ഉപയോഗിച്ച് തൂങ്ങിക്കിടക്കുമായിരുന്നു. മണിക്കൂറുകളോളം സമയം ഇതിനായി അദ്ദേഹം ഉപയോഗിച്ചിരുന്നു. മലകയറുന്നതിനിടയിൽ തനിക്ക് സഹായമായി യാതൊന്നുമില്ലന്ന ചിന്ത തന്നെ ഭയപ്പെടുത്തിയിരുന്നെന്നും എന്നാൽ ആ ചിന്തയെ മറികടന്നതാണ് തന്റെ വിജയത്തിനു കാരണമായി മാറിയതെന്നും അലക്സ് സ്വയം വിലയിരുത്തി.
നാഷണൽ ജോഗ്രഫിക്കിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സാധാരണ മനുഷ്യരുടെ മാനസികാവസ്ഥയെ അപേക്ഷിച്ച് യാതൊരു പേടിയുമില്ലാതെ ഇതു ചെയ്ത അലക്സിന്റെ പ്രകടനം അസാധാരണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുൻപ് ഈ പർവതം കീഴടക്കിയവരുൾപ്പടെ നിരവധിയാളുകളാണ് അദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.