പോലീസ് സ്റ്റേഷനുകളിൽ നിന്ന് തൊണ്ടിമുതൽ കാണാതെ പോകുന്നത് പുതിയ സംഭവമല്ല.
എന്നാൽ ഇപ്പോൾ നടന്ന സംഭവം കുറച്ച് കടന്നുപോയില്ലേ എന്നാണ് സോഷ്യൽ മീഡിയയുടെ സംശയം. മുപ്പതിനായിരത്തോളം ലിറ്റർ മദ്യമാണ് കാണാതെ പോയത്.
ഹരിയാന ഫരീദാബാദിലെ പോലീസ് സ്റ്റേഷന് അധികൃതരാണ് ‘വിചിത്രമായ’ വിശദീകരണവുമായെത്തിയത്.
ഫരീദാബാദ് പോലീസ് അധികൃതർ അടുത്തിയിടെ അൻപതിനായിരം ലിറ്റർ ദേശനിർമ്മിത അനധികൃത മദ്യം പിടിച്ചെടുത്തിരുന്നു.
ഇതിൽ മുപ്പതിനായിരം ലിറ്റർ ഇംഗ്ലീഷ് വൈനും മൂവായിരം കാൻ ബിയറും ഉള്‍പ്പെടുന്നു. ഈ കേസുകളിൽ വിചാരണ തുടങ്ങാനിരിക്കെയാണ് മദ്യം കാണാതായ വിവരം പുറത്തു വരുന്നത്.
കേസ് രജിസ്റ്റർ ചെയ്ത സ്റ്റേഷനുകളിലെ സ്റ്റോർ റൂമുകളിലായിരുന്നു ഈ മദ്യം സൂക്ഷിച്ചിരുന്നത്. കൂടുതലും പ്ലാസ്റ്റിക് കുപ്പികളിലായിരുന്നതിനാൽ മദ്യം എലി കുടിച്ചുകാണുമെന്നാണ് ഇവർ അറിയിച്ചത്.
എന്നാല്‍ ഇംഗ്ലീഷ് വൈൻ ഗ്ലാസ് ബോട്ടിലുകളിലും ബിയർ കാനിലുമാണ് സൂക്ഷിക്കുന്നത്. അപ്പോഴെങ്ങനെയാണ് എലി കരണ്ടുകുടിച്ചതെന്ന് വിശദീകരിക്കാൻ പോലീസ് കഷ്ടപ്പെടുകയാണ്.
സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.