കോൽക്കത്ത: പാന്റ്സ് ധരിച്ച അവതാരകയ്ക്ക് ഉപദേശം നൽകിയ ബിജെപി വനിതാ നേതാവ് മൗഷ്മി ചാറ്റർജി വിവാദത്തിൽ. പാന്റ്സ് ധരിച്ചു നടക്കാതെ മര്യാദയ്ക്കുള്ള വസ്ത്രം ധരിക്കാനായിരുന്നു മാധ്യമപ്രവർത്തകയോട് നടി കൂടിയായ മൗഷ്മി നിർദേശിച്ചത്.
ഗുജറാത്തിലെ സൂററ്റിൽ നടന്ന ചടങ്ങിനിടെയാണ് സംഭവം. പരിപാടിക്കിടെ മാധ്യമങ്ങളുമായി സംവദിക്കാൻ “പാന്റ്സ് ധരിച്ച’ അവതാരക മൗഷ്മിയെ ക്ഷണിച്ചു. ഇതിനിടെയായിരുന്നു നേതാവിന്റെ ഉപദേശം.
നിങ്ങളുടെ വസ്ത്രധാരണം ശരിയല്ല. ഇങ്ങനെയൊരു ചടങ്ങിൽ സാരിയോ ചുരിദാറോ ആയിരുന്നു ധരിക്കേണ്ടിയിരുന്നത്. പാന്റ്സ് ധരിച്ചാൽ അന്പലത്തിൽ പോകുന്പോൾ കുനിയാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ടാകും. സാരിയോ, സൽവാറോ, ഗാഗ്ര ചോളിയോ ധരിച്ചാൽ എളുപ്പമായിരിക്കും- മൗഷ്മി ചാറ്റർജി പറഞ്ഞു. ഒരു ഭാരതീയ സ്ത്രീയെന്ന നിലയിൽ താൻ പാൻറ്സ് പോലുള്ള വസ്ത്രങ്ങളെ എതിർക്കുന്നെന്നും അവർ പറഞ്ഞു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി മൗഷ്മി രംഗത്തെത്തി. അത് ഉപദേശം മാത്രമായിരുന്നെന്നും ബിജെപി നേതാവായല്ല, മറിച്ച് അമ്മയുടെ സ്ഥാനത്തുനിന്നാണ് അവതാരകയോട് അങ്ങനെ പറഞ്ഞതെന്നും മൗഷ്മി വിശദീകരിച്ചു.