സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത്.
അത് സാധാരണയായി 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുണ്ട്. ഇവ പൊതുവേ പൊറ്റകളുണ്ടാക്കാറില്ല.എന്നാൽ ഒരു സെൻറിമീറ്ററിന് മുകളിൽ വലിപ്പമുള്ള വ്രണങ്ങൾ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കാറുണ്ട്.
ഇവ ഉണങ്ങുന്പോൾ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു.മൂന്നാമത്തെ വിഭാഗത്തിൽ നിരവധി തീരെ ചെറിയ വ്രണങ്ങളാണ് ഉണ്ടാകുന്നത്.
എന്തുകൊണ്ട് വ്രണങ്ങൾ?
സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം. തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം.
തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു. തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴംകുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള48 – 72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു വലുപ്പം വർധിക്കുകയും ചെയ്യുന്നു.
വായ്ക്കകത്തോ നാവിലോ ഉള്ള ശ്ലേഷ്മസ്തരത്തിൽ ഏതുഭാഗത്തും ഈ വ്രണങ്ങൾ ഉണ്ടാകാം. ബെഷറ്റ്സ് രോഗം, റീറ്റേഴ്സ് സിൻഡ്രം, സ്വീറ്റ്സ് സിൻഡ്രം, മാജിക് സിൻഡ്രം എന്നീ രോഗങ്ങളിലും മേൽസൂചിപ്പിച്ചിട്ടുള്ള തരത്തിലുള്ള വ്രണങ്ങൾ ഉണ്ടാകാറുണ്ട്.
കാരണം കണ്ടെത്തണം
രോഗനിർണയം രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ മൾട്ടിഫോർമി, വായ്ക്കകത്തുള്ള കാൻസർ, ചില വൈറസ് രോഗങ്ങൾ, സിഫിലിസ്, സാർകോയിഡോസിസ്, ക്രോണ്‍സ് രോഗം, സിസ്റ്റമിക് ലൂപസ് എറിതിമറ്റോസസ് എന്നീ രോഗങ്ങളിലും വായ്ക്കകത്ത് വ്രണങ്ങളുണ്ടാകാറുണ്ട്. ചികിത്സിക്കുന്നതിനു മുൻപ് അവയല്ലെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്.
വായ്പുണ്ണിന് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി രക്തത്തിലെ ഇരുന്പ്, ബി12 എന്നിവയുടെ അളവ് നിർണയിക്കേണ്ടിവന്നേക്കാം.
ചിലയവസരങ്ങളിൽ രോഗി എച്ച്ഐവി ബാധിതനാണോ എന്നു കണ്ടെത്തേണ്ടിവരും. വായ്ക്കകത്ത് വ്രണങ്ങളുണ്ടാക്കുന്ന മേൽസൂചിപ്പിച്ച രോഗങ്ങളുടെ ലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ.
എന്താണു പോംവഴി?
ഏതെങ്കിലുംതരത്തിലുള്ള മാനസികസമ്മർദങ്ങളുണ്ടെങ്കിൽ അതു ലഘൂകരിക്കേണ്ട നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഭക്ഷണത്തോടുള്ള അലർജിമൂലമാണ് വായ്പുണ്ണ് എങ്കിൽ അവ പൂർണമായും ഒഴിവാക്കണം. ടൂത്ത്പേസ്റ്റ്, ഐസ്ക്രീമുകൾ എന്നിവ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം.
മരുന്നുകളാണ് വായ്പുണ്ണിനു കാരണമെങ്കിൽ അവ മാറ്റി ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിളർച്ചയുണ്ടെങ്കിലും ഇത്തരത്തിൽ വ്രണങ്ങളുണ്ടെങ്കിലും ചികിത്സിക്കണം.
വായ്പുണ്ണിന്റെ ചികിത്സയ്ക്ക് ധാരാളം മരുന്നുകൾ വിപണിയിലുണ്ട്. ലേപനങ്ങളായും ഉള്ളിൽ കഴിക്കുന്ന മരുന്നുകളായും ഇവ ലഭ്യമാണ്.
ഹൈഡ്രോകോർട്ടിസോണ്‍, ട്രയാംസിനലോണ്, ഫ്ജവോ സിനോനൈഡ്, ക്ലോർഹെക്സിഡിൻ, ടെട്രാസൈക്ലിൻ, സോഡിയം ക്രോമോഗ്ലൈക്കേറ്റ്, ഡാപ്സോണ്‍, കോൾച്ചിസിൻ, ലിവാമിസോൾ, അസാത്തിയോപ്രിൻ എന്നിവ ഇവയിൽ ചിലതാണ്. ശരിയായ രോഗനിർണയംപോലെ പ്രധാനമാണ് മരുന്നുകളുടെ ഉപയോഗവും. അതുകൊണ്ടുതന്നെ സ്വയംചികിത്സ ഒഴിവാക്കുന്നതാണു നല്ലത്.
വിവരങ്ങൾ- ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്
പന്തക്കൽ, ഫോൺ – 8714373299