ചുണ്ടുകൾ, കവിൾ, നാവിന്റെ ഇരുവശം, ടോൺസിലിനു ചുറ്റും എന്നീ സ്ഥലങ്ങളിലാണ് ആഫ്തസ് അൾസർ സാധാരണയായി കണ്ടുവരുന്നത്. ഈ അൾസറുകൾ 5 എംഎമ്മിൽ താഴെ വലുപ്പമുള്ളവയാണ്.
എപ്പോൾ ചികിത്സ തേടാം?
രണ്ടാഴ്ചയിൽ കൂടുതൽ വായ്പുണ്ണ് നിലനിൽക്കുകയോ പതിവായി വായ്പുണ്ണ് വരികയോ ചെയ്താൽ ദന്തഡോക്ടറെ കാണുക. അസാധാരണമായ വലിയ വായ്പുണ്ണ്, വേദനയില്ലാത്ത വ്രണം, അധരങ്ങളിലേക്കു നീളുന്ന അൾസർ, ഭക്ഷണം കഴിക്കാനും കുടിക്കാനും കഠിനമായ ബുദ്ധിമുട്ടുകൾ, വ്രണം പ്രത്യക്ഷപ്പെടുന്പോഴെല്ലാം കടുത്ത പനി അല്ലെങ്കിൽ വയറിളക്കം എന്നിവ കണ്ടാൽ നിങ്ങൾ ഡോക്ടറെ കാണണം.
വായ്പുണ്ണ് എങ്ങനെ നിർണയിക്കാം?
ഒരു വിഷ്വൽ പരിശോധനയിലൂടെ നിങ്ങളുടെ ഡോക്ടർക്ക് വായ്പുണ്ണ് നിർണയിക്കാൻ കഴിയും. വായ്പുണ്ണ് ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നെങ്കിൽ നിങ്ങൾ ഒരു ദന്തഡോക്ടറുടെ സഹായം തേടുക. നിങ്ങൾക്ക് അയൺ ഫോളേറ്റ്, വിറ്റമിൻ എന്നിവയുടെ തോത് കുറവാണെന്നു ഡോക്ടർക്കു തോന്നുകയാണെങ്കിൽ ഒരു രക്തപരിശോധന നിർദേശിച്ചേക്കാം.
വായ്പുണ്ണിന് വ്യക്തമായ കാരണം കണ്ടുപിടിക്കാൻ പറ്റാതെവരികയോ സാധാരണചികിത്സയോടു പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ അൾസറിന്റെ ബയോപ്സി എടുപ്പിക്കുന്നതായിരിക്കും. ഒരു ടിഷ്യു സാന്പിൾ പരിശോധനയ്ക്കായി എടുക്കുന്ന പ്രക്രിയയാണ് ബയോപ്സി.
സ്വയം സുഖപ്പെട്ടില്ലെങ്കിൽ
മിക്ക വായ്പുണ്ണുകളും സാധാരണയായി നിരുപദ്രവകരമാവാം. പത്ത് അല്ലെങ്കിൽ പതിനാലു ദിവസത്തിനുള്ളിൽ സ്വയം സുഖപ്പെടുന്നവയാണ്.
ആഫ്തസ് അൾസർ അല്ലെങ്കിൽ ഹെർപ്പസ് സിംപ്ലക്സ് അണുബാധമൂലമുണ്ടാകുന്ന വായ്പുണ്ണ് എന്നിവയ്ക്ക് മൗത്ത്വാഷ്, ഓയിൻമെന്റ്, ജെൽ പോലുള്ള ടോപ്പിക്കൽ ചികിത്സ നൽകാവുന്നതാണ്.
ചികിത്സാരീതികൾ
* വായ്പുണ്ണ് സുഖപ്പെടുന്നതുവരെ എരിവും പുളിയുമുള്ളഭക്ഷണം ഒഴിവാക്കുക.
* ധാരാളം വെള്ളം കുടിക്കുക.
* വായ വൃത്തിയായി സൂക്ഷിക്കുക.
* ആന്റിസെപ്റ്റിക് ജെൽ അൾസറിൽ പുരട്ടുക.
* പതിവായി നിങ്ങളുടെ വായ ചെറുചൂടുള്ളതും ചെറുതായി ഉപ്പിട്ടതുമായ വെള്ളത്തിൽ കുലുക്കികഴുകുക (ഒരു നാലുമിനിറ്റു നേരം).
* ദിവസവും രണ്ടുതവണ ആൽക്കഹോൾ രഹിത മൗത്ത്വാഷ് ഉപയോഗിക്കുക.
* ഫോളിക് ആസിഡ്, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12, സിങ്ക് തുടങ്ങിയ പോഷക സപ്ലിമെന്റുകൾ കഴിക്കുക.
* നിങ്ങളുടെ ദന്തരോഗവിദഗ്ധനോ ഓറൽ സ്പെഷലിസ്റ്റോനിർദേശിക്കുന്ന ടോപ്പിക്കൽ സ്റ്റിറോയ്ഡ് ഓയിൻമെന്റ് ഉപയോഗിക്കുക.
വായ്പുണ്ണ് സാധ്യത കുറയ്ക്കാം
* പല്ല് തേക്കുന്നതിനു മൃദുവായ ടൂത്ത്ബ്രഷ് ഉപയോഗിക്കുക.
* പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
* മതിയായ ഉറക്കവും വിശ്രമവും.
* മാനസികസമ്മർദം കുറയ്ക്കുക.
* വായ വൃത്തിയായി സൂക്ഷിക്കുക.
* കൂർത്ത അരികുകളുള്ള ഓർത്തോഡോണ്ടിക് ഉപകരണംഉണ്ടെങ്കിൽ ദന്തരോഗവിദഗ്ധനെ കാണിക്കുക.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903