വായ്പുണ്ണ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ പല ദിവസങ്ങളെയും അരോചകമാക്കി മാറ്റുന്നു. നിസാര രോഗമാണെങ്കിലും ജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പുണ്ണ്.
മോണയുടെ അടിഭാഗത്ത് വായൽ ഉണ്ടാകുന്ന ചെറിയ വേദനാജനകമായ മുറി വുകൾ. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും സംസാരിക്കുന്നതുംവരെ ഇവ കാരണം അസ്വസ്ഥതയുണ്ടാവാം.
നീണ്ടുനിന്നാൽ
വായ്പുണ്ണ് സാധാരണയായി ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ നീണ്ടുനിൽക്കുന്നുള്ളൂ. എന്നിരുന്നാലും വളരെ വലുതോ വേദനാജനകമോ ആയ വായ്പുണ്ണ് ഉണ്ടെങ്കിലോ അല്ലെങ്കിൽ വളരെക്കാലം നീണ്ടുനിൽക്കുകയോ ചെയ്താൽ ഡോക്ടറുടെ ഉപദേശം തേടണം.
കാരണങ്ങൾ
വായ്പുണ്ണിനു പിന്നിൽ കൃത്യമായ കാരണങ്ങളൊന്നുമില്ല. എന്നിരുന്നാലും ചില ഘടകങ്ങൾ വായ്പുണ്ണിലേക്കു നയിക്കുന്നു.
* ഡെന്റൽ ബ്രേസുകൾ * വൈകാരിക സമ്മർദം, ഉറക്കക്കുറവ് * കട്ടിയുള്ള ബ്രിസിൽസ് ഉള്ള ബ്രഷ് ഉപയോഗിച്ചു പല്ലുതേക്കുന്നത്. കായികത്തിൽ ഏർപ്പെടുന്പോൾ ഉണ്ടാകുന്നപരിക്കുകൾ.
* സോഡിയം ലോറിൽ സൾഫേറ്റ് അടങ്ങുന്ന ടൂത്ത്പേസ്റ്റും മൗത്ത്വാഷും ഉപയോഗിക്കുന്നത്.
* പൈനാപ്പിൾ, ഓറഞ്ച്, നാരങ്ങ എന്നീ അസിഡിറ്റിയുള്ളഭക്ഷണങ്ങളും എരിവുള്ള ഭക്ഷണങ്ങളും.
* ബാക്ടീരിയ, വൈറൽ അല്ലെങ്കിൽ ഫംഗൽ അണുബാധ.
* ആർത്തവസമയത്തുള്ള ഹോർമോൺ മാറ്റങ്ങൾ.
* അവശ്യ വിറ്റാമിനുകളുടെ അഭാവം. പ്രത്യേകിച്ച് വിറ്റാമിൻ ബി 12, സിങ്ക് ഫോളേറ്റ്, അയൺ.
* മൗത്ത് ബാക്ടീരിയകളോടുള്ള അലർജി.
* ചില മരുന്നുകളോടുള്ള പ്രതികരണം.കൂടുതൽ ഗുരുതരമായതും വൈദ്യചികിത്സ ആവശ്യമുള്ളതുമായ അവസ്ഥകളുടെ അടയാളമായും വായ്പുണ്ണ് ഉണ്ടാകാം.
* പ്രമേഹം * ഇൻഫ്ളമേറ്ററി ബവൽ രോഗങ്ങൾ
* ബെഹ്സെറ്റ്സ് രോഗം * എച്ച്ഐവി/എയ്ഡ്സ്
* സീലിയാക് രോഗങ്ങൾ * ഹെർപിസ് സിംപ്ലക്സ്പോലുള്ള വൈറൽ അണുബാധ.
ലക്ഷണങ്ങൾ
വായ്പുണ്ണിന്റെ ലക്ഷണങ്ങൾ അതുണ്ടാകുന്ന കാരണത്തെ ആശ്രയിച്ചിരിക്കുന്നു. പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
* ഒന്നോ അതിലധികമോ വേദനയുള്ള വ്രണങ്ങൾ.
* പുണ്ണിനു ചുറ്റും വിങ്ങിയിരിക്കുന്നത്. * പല്ല് തേക്കുന്പോഴും ചവയ്ക്കുന്പോഴും ബുദ്ധിമുട്ടനുഭവപ്പെടുന്നത്.
* വിശപ്പില്ലായ്മ
പ്രധാനമായും മൂന്നുതരം വായ്പുണ്ണുകൾ
1. മൈനർ വായ്പുണ്ണ് – ഇവ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ പാടുകളില്ലാതെ സുഖപ്പെടുന്ന ചെറിയ ഓവൽ അല്ലെങ്കിൽ റൗണ്ട് വ്രണങ്ങളാണ്.
2. മേജർ വായ്പുണ്ണ് -ഇവ മൈനർ പുണ്ണുകളേക്കാൾ വലുതും ആഴമുള്ളതുമാണ്. അവയ്ക്ക് ക്രമരഹിതമായ അരികുകളുണ്ട്. സുഖപ്പെടാൻ ആറാഴ്ചവരെ എടുക്കാം. ഇവ ദീർഘകാല പാടുകൾക്കു കാരണമാകും.
3. ഹെർപ്പെറ്റിഫോം വായ്പുണ്ണുകൾ – ഇവ പൊട്ടുപോലെ ചെറുതും പത്ത് അല്ലെങ്കിൽ നൂറ് ക്ലസ്റ്റുകളിൽ സംഭവിക്കുന്നു. കൂടുതലായും മുതിർന്ന ആളുകളിലാണ് ഇതു കണ്ടുവരുന്നത്.
ഇത്തരത്തിലുള്ള വായ്പുണ്ണുകൾക്ക് ക്രമരഹിതമായ അരികുകളുണ്ട്. കൂടാതെ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ പാടുകൾ ഇല്ലാതെ പലപ്പോഴും സുഖപ്പെടും.
(തുടരും)
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903