കെഎസ്ആര്‍ടിസിയിലെ വെള്ളാനകളെ തുരത്താന്‍ ശക്തമായ നടപടികളുമായി മുമ്പോട്ടു പോകുന്ന തച്ചങ്കരിയെ ഒതുക്കാന്‍ ഇടത്-വലത് തൊഴിലാളി സംഘടനകള്‍ കൈകോര്‍ക്കുന്നു ? മന്ത്രി എ.കെ ശശീന്ദ്രന്റെ പരോക്ഷ പിന്തുണയും ഇവര്‍ക്കുണ്ട്. മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്, കെ.പി രാജേന്ദ്രന്, തമ്പാനൂര്‍ രവി എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇടത്, വലത് തൊഴിലാളി സംഘടനകള്‍ തച്ചങ്കരിക്കെതിരെ പടപ്പുറപ്പാട് ആരംഭിച്ചത്. ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കിയതടക്കം തച്ചങ്കരിയുടെ നടപടികള്‍ ജീവനക്കാരെ ആകര്‍ഷിച്ചതോടെ സംഘടനകളുടെ സ്വാധീനം കുറഞ്ഞിരുന്നു.
സംഘടനാ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയ നേതാക്കളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. യൂണിയന് നേതാക്കളെ നിരീക്ഷിക്കാന്‍ കോര്‍പ്പറേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചതോടെ ശത്രുത വര്‍ധിച്ചു. ഇതേത്തുടര്‍ന്നാണ് എല്ലാ തൊഴിലാളി സംഘടനകളും കൂടി സംയുക്തമായി സമ്മേളനം വിളിച്ചുചേര്‍ത്ത് തച്ചങ്കരിക്കെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. കോര്‍പ്പറേഷനില്‍ സിഎംഡി നടപ്പാക്കുന്നത് സര്‍ക്കാര്‍ നയങ്ങളാണെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന് ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തച്ചങ്കരി നടപ്പാക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരക്കെ സ്വീകാര്യത ലഭിച്ചതോടെ മന്ത്രി നോക്കുകുത്തിയാകുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം.