മത്തായിപ്പറന്പിനു വേണ്ടിയുള്ള നല്ല ഒന്നാന്തരം കബഡി കളി… “ജോർജേട്ടൻസ് പൂരം’ എന്ന ജനപ്രിയ നായകന്റെ ചിത്രത്തെ ഏറ്റവും ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. കന്നി ചിത്രത്തിനു ശേഷം വളരെ വലിയ ഇടവേള എടുത്ത സംവിധായകൻ കെ.ബിജു തന്റെ രണ്ടാം വരവ് മോശമാക്കിയില്ല. “വെൽകം ടു സെൻട്രൽ ജയിൽ’ എന്ന ദുരന്തത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനസിൽ നിന്നും ഇറങ്ങിപ്പോയ ദിലീപ്, ഈ ചിത്രത്തിലൂടെ വീണ്ടും അവർക്കുള്ളിലേക്ക് പ്രവേശിക്കുകയാണ്. കാണാനുംമാത്രമുള്ള പൂരം ജോർജേട്ടനും പിള്ളേരും കാണിക്കുന്നുണ്ട്. മടിക്കാതെ പൂരത്തിന് കയറിക്കോ…
ആദ്യ പകുതി കളിയും, രണ്ടാം പകുതി കാര്യവുമായാണ് സംവിധായകൻ ജോർജേട്ടൻസ് പൂരം ഒരുക്കിയിരിക്കുന്നത്. ഏതൊരു നാട്ടിൻപുറത്തും ജോലിയില്ലാതെ കറങ്ങിത്തിരിയുന്ന കുറച്ചു ചെറുപ്പക്കാരില്ലേ, അവരുടെ പ്രതിനിധിയാണ് ഇത്തവണ ദിലീപ്. കട്ടയ്ക്ക് കൂടെ നിൽക്കാൻ മൂന്നു കൂട്ടുകാരും. ആദ്യ പകുതി മുഴുവൻ ദിലീപ് നന്പറുകൾ തന്നെയാണ് ജോർജേട്ടൻസ് പൂരമെങ്കിലും സമീപകാല ചിത്രങ്ങൾ പോലെ മടുപ്പിക്കില്ല.
ജോർജും കൂട്ടുകാരും ചെറുപ്പം മുതൽ കളിച്ചുവളർന്ന മത്തായിപ്പറന്പിനെ ചുറ്റിപ്പറ്റിയാണ് കഥ തുടങ്ങുന്നത്. മത്തായിപ്പറന്പിലെ സംഘത്തിന്റെ കൂടലും പതിവ് നാട്ടുകാര്യവും അല്പം പ്രണയവും ഒക്കെയായി ആദ്യ പകുതി കടന്നുപോകും. എന്നാൽ മത്തായിപ്പറന്പിന് പുതിയ അവകാശികൾ രംഗപ്രവേശനം ചെയ്യുന്നതോടെ കളി കാര്യമാവുകയാണ്. ഈ കാര്യമാണ് രണ്ടാം പകുതി പറയുന്നത്.
പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമ പീറ്ററിന്റെ (ചെന്പൻ വിനോദ് ജോസ്) വരവോടെ വേഗം കൂടുന്നിടത്താണ് പ്രേക്ഷകനുമായി കൂടുതൽ അടുക്കുന്നത്. തുടർന്നുള്ള കഥാവികാസമാണ് ചിത്രത്തിന്റെ കഥ. നിഗൂഡത നിറഞ്ഞ ജോസഫേട്ടനായി ടി.ജി.രവി പ്രേക്ഷകമനസിൽ കയറുമെന്ന് ഉറപ്പാണ്. സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രവും ഇതുതന്നെ.
സിനിമയുടെ ക്ലൈമാക്സിലേക്ക് നയിക്കുന്ന കബഡി കളി പ്രേക്ഷകനെ ഹരം കൊള്ളിക്കുമെന്ന് ഉറപ്പാണ്. കബഡി എന്ന കളിയെ വ്യക്തമായി മനസിലാക്കി സംവിധായകൻ മികച്ച രീതിയിൽ ക്ലൈമാക്സ് ഒരുക്കിയത് അഭിനന്ദനാർഹമാണ്. സിനിമകളിൽ കാണിക്കുന്ന കായികവിനോദം ആക്ഷൻ ശൈലിയിലേക്ക് പോകുന്ന പതിവ് ആവർത്തിക്കാതെ സംവിധായകൻ ശ്രദ്ധിച്ചതാണ് പ്രേക്ഷകന് സ്വീകാര്യമാകുന്നത്. 20 മിനിറ്റോളം നീളുന്ന ഈ ക്ലൈമാക്സ് രംഗം ചിത്രത്തിന്റെ മർമ്മമാണ്.
സംസ്ഥാന അവാർഡ് ജേതാവായ രജിഷ വിജയനാണ് ജോർജേട്ടന്റെ നായിക. കാര്യമാത്ര പ്രസക്തമായ വേഷം അല്ലെങ്കിലും മെർലിൻ എന്ന കഥാപാത്രം രജിഷ ഭംഗിയാക്കി. ജോർജിന്റെ പിതാവായ മാത്യൂസ് വടക്കൻ എന്ന വൈദികനായി രണ്‍ജി പണിക്കരാണ് ചിത്രത്തിലെത്തുന്നത്. പതിവ് രണ്‍ജി പണിക്കർ ശൈലിയിലുള്ള കഥാപാത്രം തന്നെ. വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, അസിം ജമാൽ, ജയരാജ് വാര്യർ, കലാരഞ്ജിനി, ഹരീഷ് കണാരൻ തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കിയപ്പോൾ സമീപഭാവിയിലെ മികച്ച ദിലീപ് ചിത്രങ്ങളിലൊന്നായി ജോർജേട്ടൻസ് പൂരം മാറി.
(പ്രേക്ഷകന്റെ നഷ്ടപ്പെട്ട വിശ്വാസം ജനപ്രിയ നായകൻ തിരിച്ചുപിടിക്കുന്ന ചിത്രം)
ജോബിൻ സെബാസ്റ്റ്യൻ