ബൈജുവിനും പിള്ളേർക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാം

baijuബിഗ് സ്ക്രീനിൽ ഒരു നാട്ടിൻപുറം കഥകൾക്കിടയിലൂടെ ഓടിക്കളിക്കുകയാണ്. കളിയും ചിരിയും കളിക്കളവും പിന്നെ അൽപം നൊസ്റ്റാൾജിയയും എല്ലാം തേരാപ്പാരാ മനസിലൂടെ ഒഴുകിയിറങ്ങും. ഫോം ഒൗട്ടായ ചില നടൻമാരുടെ തിരിച്ചുവരവും അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന നാട്ടിൻപുറങ്ങളിലെ കളിക്കളവുമെല്ലാം സ്ക്രീനിൽ തെളിയുന്പോൾ മലയാളികൾക്ക് വൈകി കിട്ടിയ വിഷുക്കൈനീട്ടമായി മാറുകയാണ് “രക്ഷാധികാരി ബൈജു ഒപ്പ്’.

ക്രിക്കറ്റിന് ക്രിക്കറ്റ്… ഫുട്ബോളിന് ഫുട്ബോൾ… ഷട്ടിലിന് ഷട്ടിൽ, എല്ലാം ഈ കളിക്കളത്തിൽ വാഴും. സീനിയേഴ്സും ജൂനിയേഴ്സും പിന്നെ കുട്ടിപ്പട്ടാളവുമെല്ലാം കുന്പളത്തെ പറന്പിൽ പൂണ്ടുവിളയാടുകയാണ്. ഇവർക്കെല്ലാമുക്കുമുള്ള ഒരേ ഒരു രക്ഷാധികാരിയാണ് സർക്കാർ ഉദ്യോഗസ്ഥനായ ബൈജു (ബിജുമേനോൻ). രക്ഷാധികാരിയെന്നു പറഞ്ഞാൽ ചുമ്മാ കൈയും കെട്ടി നിർദേശങ്ങൾ കൊടുക്കുന്ന ആളല്ല. കളിക്കാനും കളിപ്പിക്കാനും എപ്പോഴും കൂടെയുള്ളയാൾ.

ഫോട്ടോഗ്രാഫർ, റോസ് ഗിറ്റാറിനാൽ എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജൻ പ്രമോദ് മൂന്നാം അങ്കത്തിന് ഇറങ്ങിയത് ശക്തമായ തിരക്കഥയുടെ പിൻബലത്തിലാണ്. കഴിഞ്ഞ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ ചലനം ഉണ്ടാക്കാതെ പോയതിന്‍റെ കേട് മാറ്റാനുള്ള കഠിനശ്രമത്തിന്‍റെ ബാക്കിപത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. 1983, മഹേഷിന്‍റെ പ്രതികാരം എന്നീ ചിത്രങ്ങൾ മലയാളികളുടെ മനസിനു നൽകിയ ഉണർവ് രഞ്ജൻ പ്രമോദ് എന്ന സംവിധായകനെ വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട്. അതിന്‍റെ പ്രതിഫലനവും ചിത്രത്തിൽ കാണാനാവും. എന്നാൽ പറയാൻ ഉദ്ദേശിച്ച കാര്യം വളരെ കൃത്യമായി പറഞ്ഞ് ചില കണ്ണുതുറപ്പിക്കൽ പ്രക്രിയ കൂടി ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട് സംവിധായകൻ.

“വെള്ളിമൂങ്ങ’ മുതൽ ഇങ്ങോട്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ബിജുമേനോന്‍റെ മറ്റൊരു സിന്പിൾ വേഷമാണ് രക്ഷാധികാരി ബൈജു. ഈ പറഞ്ഞ ബൈജു ഉണ്ടല്ലോ, ഒരുപാട് പേരുടെ പ്രതിനിധിയാണ്. പുള്ളിയുടെ കാട്ടായങ്ങൾ കാണുന്പോൾ മറ്റു പലരുടെയും മുഖം മനസിലൂടെ മിന്നിമറഞ്ഞ് പോയെന്നിരിക്കും. ഇത്തരക്കാർ ഒരുപാട് പേർക്ക് പ്രതീക്ഷ നൽ കി ചിരിച്ചും കളിച്ചുമെല്ലാം എല്ലായിടങ്ങളിലും കാണും.

ഒരു കുട്ടിയുടെ പിതാവും കുടുംബനാഥനുമായ ബൈജു കുന്പളത്തെ കൊച്ചുകുട്ടികളുടെയും ചെറുപ്പക്കാരുടെയുമെല്ലാം റോൾ മോഡലാണ്. കുന്പളം ബ്രദേഴ്സിന്‍റെ എല്ലാ കാര്യങ്ങൾക്കും കൂടെയുള്ള ആൾ. ആഴമേറെയുള്ള കഥാപാത്രത്തെ ബിജുമേനോൻ തന്‍റേതായ ശൈലിയിൽ പകർന്നാടിയപ്പോൾ ഒരുപാട് രസമുള്ള കാഴ്ചകൾ ചിത്രം സമ്മാനിക്കുന്നുണ്ട്.

ന്യൂജൻ പ്രണയവും നാടൻ പ്രണയവുമെല്ലാം സഹതാരങ്ങളിലൂടെ കടത്തിവിട്ട് നാട്ടിൻപുറത്തിന്‍റെ നന്മയെ പ്രകീർത്തിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അജിതയായി നാട്ടിൻപുറത്തുകാരി വീട്ടമ്മയുടെ എല്ലാ ഭാവങ്ങളും പകർന്നാടിയിരിക്കുന്നത് ഹന്ന റെജി കോശിയാണ്. ഡാർവിന്‍റെ പരിണാമത്തിന് ശേഷം ഹന്നയ്ക്ക് കിട്ടിയ നായികാ വേഷം ഒതുക്കത്തോടെ വെറുപ്പിക്കാതെ ചെയ്യാൻ ഈ തുടക്കക്കാരിക്ക് സാധിച്ചു. അജു വർഗീസും ജനാർദ്ദനനുമെല്ലാം കുറച്ചുനാളുകൾക്ക് ശേഷം അഭിനയത്തിന്‍റെ ഫോം വീണ്ടെടുത്തിരിക്കുകയാണ് രക്ഷാധികാരി ബൈജുവിലൂടെ.

ചെറുതും വലുതുമായി ഒരുപാട് കുടുംബങ്ങളും അവരുടെ വീട്ടുകാര്യങ്ങളുമെല്ലാം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നൊസ്റ്റാൾജിയയുടെ പ്രതീകമായി മാറാൻ സംവിധായകൻ അവസരം നൽകിയത് ദിലീഷ് പോത്തനാണ്. ചെറുതെങ്കിലും കൈവിട്ടു പോയേക്കാവുന്ന വേഷം തന്മയത്വത്തോടെ (നൊസ്റ്റാൾജിയയുടെ വില കളയാതെ) ദിലീഷ് പോത്തൻ കൈകാര്യം ചെയ്തു. സ്ക്രീൻ സ്പേസ് അധികമില്ലെങ്കിലും അഞ്ജലി അനീഷ് ഉപാസന കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ് ചിത്രത്തിലെ വേറിട്ട മുഖമാകുന്നുണ്ട്.

നാട്ടിൻപുറം കാഴ്ചകളെ തെളിമയോടെ പകർത്തിയ പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്‍റെ ശോഭ കൂട്ടിയതിന്‍റെ മുഴുവൻ ക്രെഡിറ്റും. ചിത്രത്തിനിടയിലൂടെ പാട്ട് ഒഴുകിപ്പോകുന്ന കാഴ്ചയുടെ വസന്തകാലം രക്ഷാധികാരി ബൈജുവിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ബിജിബാലിന്‍റെ സംഗീതം കഥയുമായി തൊട്ടുരുമ്മി പോകുന്നത് ചിത്രത്തിലുടനീളം കാണാനാവും.

ഒരു കഥയല്ല, ഒരുപാട് കഥകൾ കുന്പളത്തുകാർക്കിടയിൽ ചിതറി കിടപ്പുണ്ട്. അവയെ കൂട്ടിയോജിപ്പിക്കാനുള്ള തിടുക്കത്തിനിടയിൽ ചിത്രത്തിനു നീളം കൂടിപ്പോയത് സംവിധായകൻ അറിയാതെ പോയി. ഒന്നാം പകുതിയിലും രണ്ടാം പകുതിയിലുമായി ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരുപിടി രംഗങ്ങളെ എഡിറ്റർ വെട്ടി മാറ്റിയിരുന്നെങ്കിൽ ഒതുക്കമുള്ള ചിത്രമായി രക്ഷാധികാരി ബൈജു ഒപ്പ് മാറുമായിരുന്നു.

(കുടുംബ പ്രേക്ഷകരുടെ പ്രീതി വീണ്ടും ബിജു മേനോനിലേക്ക് പെയ്തിറങ്ങുകയാണ്.)

വി.ശ്രീകാന്ത്

Related posts