ആദ്യ സംവിധാന സംരംഭത്തിൽ തന്നെ ഇത്രയേറെ സാഹസം കാട്ടിയ സംവിധായകന്റെ ധൈര്യത്തെ അഭിനന്ദിക്കാതെ തരമില്ല… മനസിലുള്ള ആശയത്തെ സ്ക്രീനിലേക്ക് സന്നിവേശിപ്പിക്കുന്പോൾ മറ്റുള്ളവർക്ക് മടുപ്പുണ്ടാകുമോ, ഇല്ലെങ്കിൽ എല്ലാവരാലും സ്വീകരിക്കപ്പെടുമോയെന്നുള്ള തോന്നൽ ഉണ്ടാവുക സ്വഭാവികം. പക്ഷേ, വിട്ടുവീഴ്ചകൾക്ക് തന്റെ സിനിമയെ വിട്ടുകൊടുക്കാതെ പ്രേക്ഷകരെ തന്റെ പരീക്ഷണശാലയിലേക്ക് ആനയിക്കുകയാണ് “അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ” എന്ന ചിത്രത്തിലൂടെ യുവ സംവിധായകൻ വി.എസ്. രോഹിത് ചെയ്തത്.
ഒരു കാര്യം ആദ്യമേ പറയാം, പതിവ് ആസിഫ് അലി കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തനാണ് ഓമനക്കുട്ടൻ. കൗണ്ടറുകളും പഞ്ച് ഡയലോഗുകളും അടിയും ഇടിയുമെല്ലാം പ്രതീക്ഷിച്ച് തിയറ്ററിൽ കയറിയാൽ നിങ്ങൾ തീർത്തും നിരാശരാകേണ്ടി വരും. പകരം ഒന്നും പ്രതീക്ഷിക്കാതെ ഓമനക്കുട്ടനെ കാണാൻ കയറിയാൽ ഇതുവരെ കാണാത്ത ആസിഫ് അലിയുടെ മികച്ച പ്രകടനം കാണാൻ പറ്റിയതിന്റെ ത്രില്ലിൽ തിരിച്ചിറങ്ങാം. അതെ, ഓമക്കുട്ടന്റെ സാഹസികതയിൽ റൊമാൻസും കോമഡിയുമെല്ലാം ഉണ്ട്. അതുപക്ഷേ, ഓവറായി പൊട്ടിച്ചിരിക്കാനുള്ള വക നൽകുന്നില്ലെന്നു മാത്രം.
മനസിലായില്ലേ..? സംഭവം ഇത്രയേയുള്ളു.. ചിത്രം നല്ല ഒന്നാന്തരം പരീക്ഷണമാണ്. തമിഴിലും മറ്റും കണ്ടുവരുന്ന പരീക്ഷണ ചിത്രങ്ങൾ പോലെ ഒന്ന്. പിടിത്തം തരാതെ പോകുക… കഥാപാത്രത്തിന്റെ പിന്നാലെ നടത്തിക്കുക… പിന്നെ കണ്ഫ്യൂഷൻ ഉണ്ടാക്കുക… ഇതെല്ലാം കൃത്യമായി സംവിധായകൻ ആസിഫിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. മൈസൂരുവിന്റെ പശ്ചാത്തലത്തിലുള്ള കഥയിൽ ആദ്യംതൊട്ടേ ഒരു സസ്പെൻസ് ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള സൂചന നല്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. പിന്നെ പിന്നെ പതിയെ ഓമനക്കുട്ടന്റെ കുഞ്ഞു കുഞ്ഞ് വിഷമങ്ങളിലൂടെയും മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലിയിലെ ആത്മാർഥതയുമെല്ലാം കാട്ടി സസ്പെൻസ് സംഭവത്തിൽ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കുന്നുണ്ട്.
മനഃപൂർവം അല്ലെങ്കിൽപോലും ഓമനക്കുട്ടന്റെ പിന്നാലെ പ്രേക്ഷകർ സഞ്ചരിച്ചു കൊണ്ടേയിരിക്കും. നിഷ്കളങ്കനായ ഓമനക്കുട്ടന്റെ മറ്റൊരു മുഖം കൂടി ദൃശ്യമാകുന്നതോടെ ചിത്രത്തിന്റെ രസച്ചരട് പതിയെ അഴിഞ്ഞു തുടങ്ങും. പക്ഷേ, ഒരേ ടോണിൽ ചിത്രത്തെ സഞ്ചരിപ്പിക്കാതെ വേഗം കൂട്ടിയും കുറച്ചുമെല്ലാം ആദ്യ പകുതി കടന്നുപോകും. പിന്നെയാണ് തലക്കെട്ടിൽ സൂചിപ്പിക്കും പോലുള്ള ഓമനക്കുട്ടന്റെ സാഹസങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്.
ഭാവനയുടെ കൈയടക്കമുള്ള പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഓമനക്കുട്ടന്റെ സാഹസികതയ്ക്ക് ചുക്കാൻ പിടിക്കുന്നത് പല്ലവിയാണ്(ഭാവന). പ്രേക്ഷകരുടെ മൂഡ് ചേഞ്ചിന് പാകത്തിനൊത്തുള്ള പശ്ചാത്തല സംഗീതം തന്നെയാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ രണ്ടേമുക്കാൽ മണിക്കൂറിലേറെ വലിച്ചു നീട്ടാനുള്ള സംവിധായകന്റെ ഉദ്യമത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഒഴുക്കുള്ള പോക്കിലും കല്ലുകടിയായി വരുന്ന ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. ആദ്യ പകുതിയിൽ കാട്ടിയ കൈയടക്കം രണ്ടാം പകുതിയിൽ കൈവിട്ടപ്പോൾ ചിത്രം വലിച്ചുനീട്ടുകയാണോയെന്നുള്ള തോന്നലുളവാക്കിയാണ് മുന്നോട്ടുപോകുന്നത്. ഒന്നിലൊതുങ്ങാത്ത ഓമനക്കുട്ടന്റെ സ്വഭാവ മാറ്റങ്ങൾ ആസിഫ് അലിയിൽ ഭദ്രമായിരുന്നു.സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഉദ്ദേശിച്ച ഉന്മാദവും ആലസ്യവും മിക്സ് ചെയ്ത കണ്ഫ്യൂഷൻ ഓമനക്കുട്ടനിൽ നന്നേ നിഴലിച്ചിട്ടുണ്ട്.
ക്ലൈമാക്സിനോട് അടുക്കുന്പോൾ അതുവരെ ഇടയ്ക്കിടെ പൊങ്ങി വന്നിരുന്ന ട്വിസ്റ്റുകളുടെ എണ്ണം കൂടുന്നതും പ്രേക്ഷകരിൽ കണ്ഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. ഇതു താൻ അല്ലയോ അത് എന്നുള്ള ആ കണ്ഫ്യൂഷൻ ചിത്രത്തിൽ ഉടനീളം നിലനിർത്തി ആകെ മൊത്തം സംവിധായകന്റെ സിനിമയാക്കി മാറ്റുന്നതിൽ രോഹിത് വിജയിച്ചു. ആദ്യ സംരംഭത്തിൽ തന്നെ തന്നിൽ നല്ലൊരു സംവിധായകനുണ്ടെന്ന് തെളിയിച്ചുവെങ്കിലും തെളിയുവാൻ ഏറെയുള്ള സംവിധായകന്റെ ബലഹീനതകളും ചിത്രത്തിൽ ദൃശ്യമാണ്. ഇത്തരം സാഹസികതകൾക്ക് ഇനിയും ഒരുങ്ങുന്പോൾ പ്രേക്ഷകരെ ഓവറായി കണ്ഫ്യൂഷനാക്കാതിരുന്നാൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ മാത്രമല്ല, എല്ലാത്തരം പ്രേക്ഷകരും രോഹിതിന്റെ സാഹസികതകൾ കാണാൻ തിയറ്ററുകളിൽ സ്ഥാനം പിടിക്കും. പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ ടിക്കറ്റെടുത്തോളൂ ഓമനക്കുട്ടനെ കാണാൻ.. എന്തുകൊണ്ടും നിങ്ങൾക്ക് രസിക്കാനുള്ള വകയെല്ലാം അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലുണ്ട്.
(ആസിഫ് അലി നിങ്ങൾ മിന്നിച്ചു… അപ്പോൾ നല്ല വേഷങ്ങൾ കിട്ടിയാൽ നിങ്ങൾ വേറെ ലെവലാണല്ലേ…!)
വി.ശ്രീകാന്ത്