റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുകളിലൊന്ന്. സോഷ്യൽ മീഡിയ വന്നപ്പോൾ സിനിമയ്ക്കു വലിയ തുണയും പ്രോത്സാഹനവുമാകുമെന്നു പലരും വിലയിരുത്തിയിരുന്നു. എന്നാൽ, അതേ സോഷ്യൽ മീഡിയതന്നെ ഇന്നു സിനിമകളുടെ അണിയറക്കാർക്കു വലിയ ഭീഷണിയുമായി വളർന്നിരിക്കുന്നു. തിയറ്റർ റിലീസിനൊപ്പം സിനിമകൾ ചോരുന്നതായിരുന്നു ഒരു ഘട്ടത്തിൽ നിർമാതാവിനെയും വിതരണക്കാരെയും സംവിധായകനെയുമൊക്കെ ആകുലപ്പെടുത്തിയിരുന്നത്.
നിയമം കർശനമാക്കിയതോടെ കുറെയൊക്കെ അതിനു തടയിടാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പൂർണമായി അതു നിയന്ത്രിക്കാനുമായിട്ടില്ല. എന്നാൽ, അതുപോലെതന്നെ ഭീഷണിയാണ് റിവ്യു ബോംബ് എന്നാണ് സിനിമാവൃത്തങ്ങൾ പറയുന്നത്. സിനിമകൾ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ സിനിമയെക്കുറിച്ചു വിലയിരുത്തൽ മാധ്യമങ്ങളിൽ വരുന്നതാണ് അണിയറക്കാരെ വിഷമിപ്പിച്ചിരുന്നത്. ആദ്യമൊക്കെ തൊട്ടും തലോടിയും വിമർശിച്ചിരുന്നവർ വിമർശനം കടുപ്പിക്കുകയും അതു ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തതോടെയാണ് കളി കാര്യമായത്.
ഏറ്റുമുട്ടൽ
സിനിമ ഇറങ്ങുന്നതിനു പിന്നാലെ പലരും നടത്തുന്ന നിശിത വിമർശനം കാണികളെ തിയറ്ററിൽനിന്ന് അകറ്റുകയാണെന്ന ആക്ഷേപമാണ് സിനിമയുടെ അണിയറക്കാർ ഉയർത്തിയത്. സോഷ്യൽ മീഡിയയിൽ വിമർശനത്തിനു പുതിയ രീതികൾ അവതരിപ്പിച്ച യു ട്യൂബർമാർ നിരവധി കാണികളെ നേടുകയും ചെയ്തു.
കോടികൾ മുതൽമുടക്കുള്ള സിനിമകളെ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞ് റിവ്യു നടത്തുന്നവർ പൂട്ടിക്കെട്ടിക്കുകയാണെന്ന ആക്ഷേപവുമായി അണിയറക്കാർ കോടതിയെ സമീപിച്ചതോടെ റിവ്യു ബോംബിംഗ് വലിയ ചർച്ചയായി മാറി. അതേസമയം, ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നായിരുന്നു റിവ്യുവിനെ അനുകൂലിക്കുന്നവരുടെ പക്ഷം. ഈ ചർച്ചകൾ മുറുകുന്നതിനിടയിൽ ഇപ്പോൾ പുതിയൊരു സിനിമയെച്ചൊല്ലി റിവ്യു നടത്തുന്നവരും നിർമാതാക്കളും തമ്മിൽ വീണ്ടും കൊന്പു കോർത്തിരിക്കുന്നു.
മോശം റിവ്യുകൊണ്ട് ഒരു സിനിമ തകരുമോ അതോ റിവ്യു ഒഴിവാക്കിയാൽ ഒരു മോശം സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമോ? ഇത്തരം ചർച്ചകളാണ് സിനിമ പ്ലാറ്റ്ഫോമുകളിൽ ഏതാനും മാസങ്ങളായി സജീവമായി നിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിയറ്ററുകളിൽ എത്തിയ “മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തെ വിമർശിച്ച് ഒരു യു ട്യൂബർ നടത്തിയ നിരൂപണമാണ് “റിവ്യൂ ബോംബ്’ എന്ന വിവാദത്തിനു വീണ്ടും വഴിതുറന്നത്. സൂപ്പർ സ്റ്റാറുകൾ ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തെ നിരൂപിച്ചു കൊന്നുവെന്നാണ് സിനിമക്കാരുടെ പരാതി. നിരൂപകനെതിരേ ഏതറ്റം വരെയും നിയമപരമായി പോകുമെന്നു നിർമാതാവ് സിയാദ് കോക്കർ പ്രഖ്യാപിച്ചതോടെ നിരൂപണം പിൻവലിച്ച് യു ട്യൂബർ മുങ്ങി.
സിനിമയ്ക്കു ഭീഷണി
നവമാധ്യമലോകത്തു നിരവധി പേർ പിന്തുടരുന്ന ഇത്തരം നിരൂപകർ സിനിമയ്ക്കു വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്ന കാര്യത്തിൽ പലരും യോജിക്കുന്നു. ഇവരുടെ നിരൂപണം കാത്തിരിക്കുന്ന നിരവധി ചെറുപ്പക്കാർ സൈബർ ലോകത്തുണ്ട്. നിരൂപണങ്ങൾക്കു ലക്ഷക്കണക്കിനു കാഴ്ചക്കാരെയും ലഭിക്കാറുണ്ട്. അവരിൽ ചിലരെയെങ്കിലും സിനിമയെ കൊല്ലുന്ന തരത്തിലുള്ള നിരൂപണങ്ങൾ സ്വാധീനിക്കാറുമുണ്ട്.
സ്റ്റാർഡം സൂക്ഷിക്കുന്ന താരങ്ങളെയോ സംവിധായകരെയോ ഇത്തരക്കാരുടെ നെഗറ്റീവ് നിരൂപണങ്ങൾ സ്വാധീനിക്കാറില്ല. പക്ഷേ, നവാഗതരോ താരതമ്യേന പുതുമുഖങ്ങളോ അണിനിരക്കുന്ന സിനിമകൾ ഇത്തരം റിവ്യുവിൽ മൂക്കുകുത്തി വീഴും. ചിലപ്പോൾ അത്തരം ആളുകളുടെ സിനിമാ സ്വപ്നങ്ങൾതന്നെ ഇത്തരം അഞ്ച് മിനിറ്റ് നിരൂപണ വീഡിയോയിൽ അവസാനിച്ചേക്കാം.
സിനിമ എന്നല്ല ഏതു കലാസൃഷ്ടിയായാലും ആസ്വാദകരിലേക്ക് എത്തിക്കഴിഞ്ഞാൽ പിന്നെ അവരുടെ അഭിപ്രായങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. അപ്പോഴാണ് അഭിപ്രായസ്വാതന്ത്ര്യം പൂർണമാകുന്നതും. പക്ഷേ, നിരൂപണങ്ങളിൽ പലതും സത്യസന്ധമല്ല എന്നതാണ് വാസ്തവം. പ്രീ റിലീസ് സമയത്തു നിർമാതാവിനോട് റിവ്യു നടത്താൻ ആവശ്യപ്പെടുന്ന പണം ലഭിച്ചില്ലെങ്കിൽ റിലീസ് ദിവസം നിരൂപകർ ഉറഞ്ഞുതുള്ളുകയാണെന്നാണ് നിർമാതാക്കളുടെ പരാതി.
മാത്രമല്ല, സിനിമ നല്ലതാണെന്ന റിവ്യു വീഡിയോകൾക്കു നവമാധ്യമങ്ങളിൽ കാഴ്ചക്കാർ കുറവുമാണ്. സിനിമയെ കീറിമുറിച്ച് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അധിക്ഷേപിക്കുന്ന നിരൂപണങ്ങൾക്കു ലക്ഷക്കണക്കിനു കാഴ്ചക്കാരെയും ലഭിക്കും. കാഴ്ചക്കാർ കൂടിയാലേ നിരൂപകർക്ക് നവമാധ്യമങ്ങളിൽനിന്നു വരുമാനം ലഭിക്കൂ.
ബോധപൂർവം മോശം റിവ്യു നൽകാൻ ഇതും ഇവരെ പ്രേരിപ്പിക്കുന്നതായി ആരോപണമുണ്ട്. നവമാധ്യമങ്ങൾ സജീവമല്ലാതിരുന്ന കാലത്തും നിരൂപകരും സിനിമാക്കാരും മുഖാമുഖം നിന്നിട്ടുണ്ട്. പുതിയ കാലത്തെ നെഗറ്റീവ് റിവ്യു വളരെ വേഗം കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്നതാണ് സിനിമക്കാരെ ചൊടിപ്പിക്കുന്നതും. കോടികൾ ചിലവഴിക്കുന്ന ഷോ ബിസിനസായ സിനിമയെ അഞ്ച് മിനിറ്റുകൊണ്ട് ഇല്ലാതാക്കുന്ന റിവ്യു ബോംബിംഗുകളെ ഭയക്കാതെ വയ്യെന്നതാണ് സിനിമാക്കാരുടെ സ്ഥിതി. ഇത്തരം നിരൂപണങ്ങൾ സിനിമയുടെ സാറ്റ്ലൈറ്റ്, ഒടിടി ബിസിനസുകളെയും ബാധിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ബോംബല്ല വേണ്ടത്
സിനിമയെ നശിപ്പിക്കുന്ന ഇത്തരം നിരൂപണങ്ങൾ റിവ്യൂ ബോംബിംഗ് ആണെന്നു ഹൈക്കോടതിതന്നെ അടുത്തിടെ പരാമർശിച്ചിരുന്നു. സിനിമയെ മനഃപൂർവം നശിപ്പിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു ഹൈക്കോടതി സർക്കാരിനോടു ചോദിക്കുകയും ചെയ്തു.
പിന്നാലെ “റാഹേൽ മകൻ കോര’ എന്ന ചിത്രത്തെ ആക്രമിച്ച് നിരൂപണം നൽകിയ യു ട്യൂബർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിയമനടപടികൾകൊണ്ടു സിനിമക്കാരും നിരൂപകരും തമ്മിലുള്ള തർക്കം തീരുമെന്നു കരുതാൻ വയ്യ. കാരണം, നിയമം മൂലം നിരൂപണം നിരോധിച്ചാൽ മുഖമില്ലാത്ത പലേടത്തുനിന്നും സിനിമയ്ക്കെതിരേ ആക്രമണങ്ങളുണ്ടാകും.
റിവ്യു നടത്തുന്നവർ ഉത്തരവാദിത്വത്തോടെയും ആത്മാർഥതയോടെയും ചെയ്യുകയെന്നതാണ് പ്രധാനം. റിവ്യു നിരോധിച്ച് ഇതിനു പരിഹാരം കാണുന്നതും ശരിയല്ല. തങ്ങൾ വിലയിരുത്താൻ പോകുന്നത് നൂറുകണക്കിനു പേരുടെ അധ്വാനവും പണവും ചെലവഴിക്കുന്ന സിനിമയെ ആണെന്ന ബോധ്യത്തോടെ സമീപിക്കുകയെന്നതാണ് പ്രധാനം. സിനിമയിലെ മോശം പ്രവണതകളെ വിമർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ക്രിയാത്മക വിമർശനത്തിനാവണം ഊന്നൽ. സിനിമാരംഗത്തെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാവണം നിരൂപണങ്ങൾ.
അതേസമയം, സിനിമയെ തകർക്കുക, തങ്ങൾക്കു വഴങ്ങാത്തവരെ ഒരു പാഠം പഠിപ്പിക്കുക തുടങ്ങിയ ഗൂഢലക്ഷ്യങ്ങളോടെ ആരെങ്കിലും നിരൂപണം നടത്തുന്നുണ്ടെങ്കിൽ അതു തടയപ്പെടേണ്ടതു തന്നെയാണ്. അതുപോലെതന്നെ ചോദിച്ച പണം കിട്ടിയില്ലെന്ന പേരിൽ വൈരാഗ്യബുദ്ധിയോടെ ആരെങ്കിലും ഈ രംഗത്തു പ്രവർത്തിക്കുന്നെങ്കിൽ അവർക്കും മൂക്കുകയർ ഇടേണ്ടതുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും ഇടയിലായിരിക്കണം നിരൂപകരുടെ സ്ഥാനം.
ജോബിൻ സെബാസ്റ്റ്യൻ