ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജി 13 വര്‍ഷം മുമ്പ് സമാനകേസില്‍ വിധി പറഞ്ഞിരുന്നു. അന്ന് പൊതു താത്പര്യഹര്‍ജിയുമായി വന്നതും ഇപ്പോഴത്തെ പൊതുതാത്പര്യക്കാരന്‍ തന്നെ. ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബഞ്ചാണ് തിയറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി ഇന്നലെ ഉത്തരവിറക്കിയത്. ഭോപ്പാലില്‍നിന്നുള്ള വിരമിച്ച എന്‍ജിനീയറും എന്‍ജിഒ നടത്തിപ്പുകാരനുമായ ശ്യാം നാരായണ്‍ ചൗക്‌സിയാണ് പൊതുതാത്പര്യ ഹര്‍ജി നല്കിയത്.
13 വര്‍ഷം മുമ്പ് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരിക്കേയാണ് ജസ്റ്റിസ് ദീപക് മിശ്ര ദേശീയഗാനത്തോട് ആദരവ് കാണിക്കുന്നതു സംബന്ധിച്ച് നീണ്ട വിശദീകരണമടങ്ങിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അന്നു പൊതു താത്പര്യ ഹര്‍ജി നല്കിയതും ഇന്നലത്തെ ഹര്‍ജിക്കാരന്‍ ശ്യാം നാരായണ്‍ ചൗക്‌സിയാണ്. എന്നാല്‍ സംഭവം വെറും യാദൃശ്ചികം എന്നാണ് ഇതേക്കുറിച്ച് ചൗക്‌സി പ്രതികരിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്ത് ദേശീയ ഗാനത്തോടുള്ള അനാദരവ് പലയിടത്തും വര്‍ധിച്ചതുകൊണ്ടാണ് താന്‍ ഹര്‍ജി നല്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഈ വിധി പ്രായോഗികമല്ലെന്ന നിലപാടിലാണ് പല നിയമജ്ഞരും. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ അഭിപ്രായത്തില്‍ ഈ വിധി അപ്രായോഗികമാണ്. കോടതിക്ക് എങ്ങനെയാണ് ഒരു സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിക്കണമെന്നു നിര്‍ബന്ധിക്കാന്‍ കഴിയുക? ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നില്ക്കാത്തവര്‍ക്കെതിരേ തിയറ്ററുടമയ്ക്ക് എന്തു ചെയ്യാന്‍ പറ്റും? ഈ നിര്‍ദേശത്തില്‍ നടപ്പാക്കാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും കോടതി നിര്‍ദേശത്തില്‍ മറുപടിയില്ല. സോളി സൊറാബ്ജി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഭരണഘടനാ വിദഗ്ധന്‍ രാജീവ് ധവാനും വിധി അപ്രായോഗികമെന്ന് അഭിപ്രായപ്പെട്ടു. ഇതൊരു ബിജെപി ലൈനാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇതു നല്ല അഭിപ്രായമാണെങ്കിലും നടപ്പാക്കാന്‍ തിയറ്ററുടമകള്‍ക്ക് എങ്ങനെ സാധിക്കുമെന്നാണ് മുതിര്‍ന്ന നിയമജ്ഞനും മുന്‍ സോളിസിറ്റര്‍ ജനറലുമായ കെ.കെ. വേണുഗോപാല്‍ ചോദിക്കുന്ന തെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍
=സിനിമാ ഹാളില്‍ ദേശീയഗാനത്തിനു മുമ്പ് വാതിലുകള്‍ അടയ്ക്കുക. ആരെയും ഉള്ളിലേക്കു പ്രവേശിക്കാനോ പുറത്തുപോവാനോ അനുവദിക്കാതിരിക്കുക.
=ദേശീയഗാനത്തിന്റെ അംഗീകൃത രൂപത്തിലുള്ളതല്ലാതെ സംഗ്രഹിക്കപ്പെട്ട ഗാനം ആലപിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്.
=വാണിജ്യപരമായ ആവശ്യങ്ങള്‍ക്കു ദേശീയഗാനം കേള്‍പ്പിക്കലും ദേശീയപതാക ഉപയോഗിക്കലും നിരോധിച്ചിരിക്കുന്നു
=ദേശീയഗാനം നാടകീയവത്കരിച്ചു വികൃതമാക്കാന്‍ പാടില്ല