കൊച്ചി: സിനിമകളിലെ മദ്യപാനരംഗങ്ങൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം യുവാക്കൾ. മദ്യപാനവും പുകവലിയും ഉൾപ്പെടുത്തി ഒരുക്കിയ സിനിമാരംഗങ്ങളും ഗാനങ്ങളും അതില്ലാതെ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്താണ് ഇവർ ലഹരിക്കെതിരേ യുവതയുടെ പുതുപോരാട്ടമാകുന്നത്.
അടുത്തിടെ റിലീസായ മലയാള ചിത്രത്തിലെ ഒരു ഗാനരംഗത്തിനാണ് ഇവർ പുതിയ വീഡിയോദൃശ്യമൊരുക്കിയത്. നായകൻ ഉൾപ്പെടെ അഞ്ചു കഥാപാത്രങ്ങൾ മദ്യപിച്ചും പുകവലിച്ചും പാട്ടുപാടി കാറിൽ യാത്ര ചെയ്യുന്നതാണു സിനിമയിലെ ഗാനരംഗം. മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഗാനത്തിലുടനീളമുണ്ട്. ഈ രംഗം സമാനമായ പാതയിലൂടെ കാറിൽ യാത്ര ചെയ്തു സിനിമയിലെ പാട്ടിന്റെ അകന്പടിയോടെയാണു യുവാക്കൾ കാമറയിൽ പകർത്തിയത്. ഒഴിവായതു മദ്യവും സിഗരറ്റും മാത്രം. “മദ്യപാനം ഇല്ലാതെയും ഈ ഗാനം ചിത്രീകരിക്കാമായിരുന്നു’ എന്ന തലക്കെട്ടോടെയാണു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
സിനിമയിലെ ലഹരി ഉപയോഗവും മദ്യപിച്ചുള്ള വാഹനയാത്രയുമെല്ലാം യുവാക്കളെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ടെന്ന ബോധ്യമാണ് തങ്ങളെ അതിനെതിരേ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നു വീഡിയോ പ്രതിഷേധത്തിനു നേതൃത്വം കൊടുത്ത കൊച്ചി കപ്പൽശാലയിലെ സിഎസ്ആർ പ്രൊജക്ട് മാനേജർ എ.കെ. യൂസഫ് പറഞ്ഞു. സീനിയർ മാനേജർ മുഹമ്മദ് ഗസൽ, അസിസ്റ്റന്റ് മാനേജർ എസ്. മിഥുൻ, ഫിറ്റർമാരായ സി.എ. നൗഷാദ്, സരുണ്‍ കുമാർ എന്നിവരാണു വീഡിയോ പ്രതിഷേധത്തിന്റെ ഭാഗമായത്.
സിജോ പൈനാടത്ത്