സ്വന്തം ലേഖകൻ
തൃശൂർ: വെള്ളിത്തിര സ്റ്റാർട്ടായി. കിടിലൻ ആക്ഷൻ രംഗങ്ങളുമായി അന്യഭാഷ ചിത്രങ്ങൾ തീയേറ്ററുകളിലെത്തി. കാമറക്കണ്ണിലെ മലയാളം കാണാൻ കാത്തിരിക്കണം 12ന് കുറുപ്പെത്തും വരെ….
ലോക്ഡൗണിനും അടച്ചിടലുകൾക്കുമെല്ലാമൊടുവിൽ കേരളത്തിലെ സിനിമ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ തൃശൂരിലും ഏതാനും തീയേറ്ററുകളിൽ പ്രദർശനം തുടങ്ങി.
തൃശൂരിലെ തീയേറ്ററുകളിലും ഇംഗ്ലീഷ് ചിത്രങ്ങൾ തന്നെയാണ് ആദ്യമെത്തിയത്.
ഹോളിവുഡിൽ സൂപ്പർഹിറ്റായ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, മറ്റൊരു ഇംഗ്ലീഷ് ചിത്രമായ വെനം 2 എന്നിവയാണ് വീണ്ടും തുറന്ന മലയാളക്കരയിലെ വെള്ളിത്തിരകളെ ത്രസിപ്പിക്കാനെത്തിയ ആംഗലേയ ചിത്രങ്ങൾ.
മലയാള സിനിമകൾ ഈ മാസം 12 നെ തീയേറ്ററുകളിലെത്തുകയുള്ളു. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയായിരിക്കും മലയാളത്തിൽ ആദ്യമെത്തുകയെന്നാണ് സുചന.
തൃശൂരിലെ പല പ്രമുഖ തീയേറ്ററുകളും തുറന്നപ്പോൾ പലതും അടഞ്ഞുകിടന്നു. തുറന്ന തീയേറ്ററുുകളിലാകട്ടെ തിരക്കും കുറവായിരുന്നു.
ഇപ്പോൾ പ്രദർശനത്തിനെത്തിയ ഇംഗ്ലീഷ് ചിത്രങ്ങൾ ടെലഗ്രാമിലും മറ്റും പലരും കണ്ടതാണ്. അതുകൊണ്ടാണ് തിരക്കു കുറയാൻ കാരണം.
മലയാള സിനിമകൾ റിലീസ് ചെയ്യുന്പോൾ തിരക്കുണ്ടാകുമെന്ന് തീയേറ്റർ ഉടമകൾ പ്രത്യാശിച്ചു.
അതേസമയം മലയാള സിനിമകളെത്തും വരെ തീയേറ്ററുകൾക്കിത് ട്രയൽ റണ് സമയമാണ്.
പ്രൊജക്ടറുകൾ, എയർ കണ്ടീഷനുകൾ എന്നിവ ശരിയാം വിധം പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള ട്രയൽ റണ്ണാണ് ഈ ദിവസങ്ങളെന്ന് പല ഉടമകളും പറഞ്ഞു.
തീയേറ്ററുകളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ അണുനശീകരണം നടത്തി വൃത്തിയാക്കിയിരുന്നു.
കർശന നിബന്ധനകളോടെയാണ് പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് കയറ്റുന്നത്. രണ്ടു ഡോസ് വാക്സിനെടുത്തവരെയാണ് പ്രവേശിപ്പിക്കുന്നത്. ആകെയുള്ള സീറ്റിന്റെ പകുതി സീറ്റിൽ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളു.
അതിനിടെ ഫിലിം ചേംബറിന്റെ മീറ്റിംഗ് രാവിലെ ആരംഭിച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് യോഗത്തിൽ വ്യക്തത കൈവരും.
തൃശൂരിൽ കൈരളി, ശ്രീ തീയേറ്ററുകളും തുറന്നിട്ടുണ്ട്. സ്വകാര്യ തീയേറ്ററുകളിൽ ചിലതെല്ലാം തുറന്നു. ബാക്കിയുള്ളവ വരും ദിവസങ്ങളിലേ തുറക്കുകയുള്ളു.
ഏതായാലും ഇരുൾമൂടിക്കിടന്ന ബിഗ് സ്ക്രീനുകളിൽ വെളിച്ചം നിറഞ്ഞിരിക്കുന്നു. നിശബ്ദതയിലാണ്ടു കിടന്ന സൗണ്ട് സിസ്റ്റങ്ങളിൽ കിടിലൻ ശബ്ദങ്ങൾ മുഴങ്ങിത്തുടങ്ങി..
ഇനി വീണ്ടും സിനിമാക്കാലം….