റോം: യുവേഫ ഫുട്ബോൾ ബോർഡിൽനിന്ന് എല്ലാ പദവികളും വിട്ടൊഴിയുന്നതായി പോർച്ചുഗീസ് പരിശീലകൻ ഹൊസെ മൗറീഞ്ഞോ.
യൂറോപ്പ ലീഗ് ഫൈനലിൽ റഫറി ആന്റണി ടെയ്ലറിനെതിരേ വാക്പോര് നടത്തിയ കുറ്റത്തിന് മൗറീഞ്ഞോയ്ക്ക് ടീമിന്റെ അടുത്ത നാല് യൂറോപ്യൻ മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് രാജി. 2021 മുതൽ ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയുടെ മാനേജറാണ് മൗറീഞ്ഞോ.
യൂറോപ്പ ഫൈനലിൽ 1-1 സമനിലയ്ക്കുശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ റോമയെ കീഴടക്കി സ്പാനിഷ് ടീമായ സെവിയ്യ ചാന്പ്യന്മാരായിരുന്നു.
ബുഡാപെസ്റ്റ് വിമാനത്താവളത്തിൽആന്റണി ടെയ്ലറിനോടും കുടുംബത്തോടും റോമ ആരാധകർ രൂക്ഷഭാഷയിൽ പ്രതികരിച്ചു.
റോമ ക്ലബ്ബിനെതിരേ യുവേഫ 50,000 യൂറോ (ഏകദേശം 44.80 ലക്ഷം) പിഴ ചുമത്തിയിരുന്നു. യൂറോപ്പ ലീഗിൽ അടുത്ത എവേ പോരാട്ടത്തിനുള്ള റോമയുടെ ടിക്കറ്റ് വിൽപ്പനയ്ക്കും യുവേഫ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
റോമ ആരാധകർ സ്റ്റേഡിയത്തിൽ നടത്തിയ തീവയ്്പിനും മറ്റു നാശനഷ്ടങ്ങൾക്കുമായാണ് ഈ ശിക്ഷ.