രാജാക്കാട്: രാജകുമാരി പഞ്ചായത്തംഗം ജയ്സൺ വർഗീസും സുഹൃത്ത് നടുക്കുടിയിൽ ബിജുവും കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ മൊഴി തിരുത്തി. ജെയ്സണും ബിജുവും ജലാശയത്തിൽ അപകടത്തിൽപ്പെട്ടപ്പോൾ തങ്ങളും സമീപത്തുണ്ടായിരുന്നു എന്നാണ് ഇപ്പോൾ ഇവർ പോലീസിനു നൽകിയ മൊഴി.
ജലാശയത്തിൽ കുളിക്കാൻ ഡാം സുരക്ഷാ ജീവനക്കാർ അനുവദിക്കാത്തതിനെ തുടർന്ന് ജയ്സന്റെ കാറിൽ നാലുപേരും മടങ്ങിയെന്നും പൂപ്പാറയിൽ എത്തിയപ്പോൾ തങ്ങളെ ഇറക്കിയ ശേഷം ബോഡിനായ്ക്കന്നൂരിന് പോവുകയാണെന്ന് പറഞ്ഞ് ജയ്സനും ബിജുവും കാറിൽ പോയെന്നുമായിരുന്നു ഇവർ മുമ്പ് പോലീസിനോടും നാട്ടുകാരോടും പറഞ്ഞത്.
എന്നാൽ, നുണ പറഞ്ഞതുകൊണ്ട് മനസമാധാനം ഇല്ലെന്ന് ഇവരിൽ ഒരാൾ പലരോടും പറയുകയും പോലീസ് ഈ വിവരം അറിഞ്ഞ് ഇരുവരെയും കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു.
ഇന്നലെ വീണ്ടും സ്റ്റേഷനിലേക്കു വിളിപ്പിച്ച ഇരുവരെയും പോലീസ് ജലാശയത്തിൽ അപകടം നടന്ന ഭാഗത്തെത്തി തെളിവെടുപ്പ് നടത്തി.
പ്രാഥമിക അന്വേഷണത്തിൽ ജയ്സന്റെയും ബിജുവിന്റെയും മരണത്തിൽ അസ്വാ ഭാവികതയില്ലെന്നും കൂടെയുണ്ടായിരുന്നവർ ഭയംകൊണ്ട് ആദ്യം നുണ പറഞ്ഞു എന്നാണ് വിലയിരുത്തൽ എന്നും ശാന്തൻപാറ സിഐ പറഞ്ഞു.