കോഴിക്കോട്: കേന്ദ്ര ബജറ്റിൽ സ്വർണ ഇറക്കുമതി തീരുവയിൽ കുറവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ധനമന്ത്രി ഇതിനു തയാറാകാതിരുന്നത് ഖേദകരമാണെന്നും നിലവിലുള്ള പത്തു ശതമാനം തീരുവ കുറയ്ക്കാത്തതു കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും ഒഴുക്കും സ്വർണക്കടത്തും വ്യാപകമാക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്. തീരുവയിൽ കുറവു വരുത്തണമെന്നത് സ്വർണ വ്യാപാര മേഖലയുടെ നിരന്തരമായ ആവശ്യമായിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകിയത് ഉചിതമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതാണ്ട് എല്ലാ മേഖലകൾക്കും പരിഗണന നൽകാൻ ബജറ്റിന് കഴിഞ്ഞിട്ടുണ്ട്. മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിനുള്ള നികുതി അഞ്ചു ശതമാനമാക്കി കുറച്ചത് ആശ്വാസകരമാണ്. റിയൽ എസ്റ്റേറ്റ് മേഖയിലെ പ്രോജക്ടുകൾ പൂർത്തിയാക്കുന്നത് വരെ നികുതിയിനത്തിൽ ഇളവു വരുത്തിയത് ഈ മേഖലയ്ക്ക് കരുത്ത് പകരും.
ഈ ബജറ്റിൽ വിദേശ മൂലധന നിക്ഷേപത്തിന് അനുകൂലമായ നിലപാടാണെടുത്തിരിക്കുന്നത്. അതു പോലെ റെയിൽ, റോഡ്, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ പദ്ധതി വിഹിതം ഉൾപ്പെടുത്തിയത് ടൂറിസം, വ്യാപാര വ്യവസായ മേഖലയ്ക്ക് ഗുണം ചെയ്യും.
മൂന്ന് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കു നേരിട്ടുള്ള പണമിടപാട് ഒഴിവാക്കിയതു നികുതി വെട്ടിപ്പു തടയുന്നതിനു സഹായിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് നാലു ലക്ഷം കോടി രൂപയോളം വകയിരുത്തിയത് വിവിധ മേഖലകളുടെയും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും സഹായകരമാണ്. ജിഎസ്ടി നടപ്പാക്കുന്നതു സാമ്പത്തിക വളർച്ചയ്ക്കു വേഗം കൂട്ടും. നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു നേട്ടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.