കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ‘എംപി കോക്കസ്’ വീണ്ടും. ലോക്സഭാതെരഞ്ഞെടുപ്പ് വരാനിരിക്കേ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളായ എം.കെ. രാഘവനും കെ. മുരളീധരനും സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി രംഗത്തെത്തി.
ഇവർക്കു പിന്നാലെ കൂടുതൽപേർ രംഗത്തുവരുമെന്ന സൂചനകളുമുണ്ട്. പാർട്ടിയിൽ ഇത് പ്രതിസന്ധി സൃഷ്ടിച്ചിട്ടു ണ്ടെ ങ്കിലും എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ നേതൃത്വത്തിനു വലിയ ധാരണയില്ല.ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ എം.കെ. രാഘവന് എംപിക്ക് അവസരം ലഭിക്കില്ലെന്ന് എതാണ്ട് ഉറപ്പാണ്.
മൂന്നുതവണ എംപിയായ അദ്ദേഹം സംസ്ഥാന നേതൃത്വവുമായി നേരത്തെ തന്നെ അകല്‍ച്ചയിലാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനാണ് അദ്ദേഹത്തിന് താത്പര്യവും.
സമാന മനോഭാവമാണ് കെ. മുരളീധരനുമുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തു നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പും മറ്റുകാര്യങ്ങളും ഞങ്ങള്‍ അറിയുന്നില്ലെന്ന പ്രതികരണവുമായി ഇവര്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തന്നെ ‘വിമതനായ’ ശശി തരൂരിനെ പരസ്യമായി പിന്തുണയ്ക്കുകയും തരൂരിന് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത എം.കെ.രാഘവന് ഇപ്പോള്‍ തന്നെ സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്.
അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പരസ്യ പ്രതികരണം വന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ രാഘവന് പറഞ്ഞ കാര്യം ശരിയാണെന്ന് നിലപാടുമായി രംഗത്തുവന്ന കെ. മുരളീധരന്റെ കാര്യത്തില്‍ സ്ഥിതി അതല്ല.
സംസ്ഥാന-ദേശീയ നേതൃത്വത്തിനു മുരളീധരനോട് മതിപ്പുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുന്‍നിരനേതാക്കള്‍ പിന്മാറിയപ്പോള് ചാവേറിനെപ്പോലെ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം മത്സരിച്ചയാളാണ് മുരളി.
ബിജെപിക്ക് ഏറെ വേരോട്ടമുള്ള മണ്ണില്‍ ബിജെപിക്കെതിരായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു ആ മത്സരം. അതുകൊണ്ടുതന്നെ കെ.മുരളീധരന്റെ വാക്കുകള്‍ അത്രപെട്ടെന്ന് തള്ളിക്കളയാന്‍ നേതൃത്വത്തിന് കഴിയില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസി നേതൃത്വം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് നേതാക്കള്‍ സ്വീകരിച്ചത്.