സത്ന: മധ്യപ്രദേശിൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസിടിവി കാമറകൾ ഒരു മണിക്കൂർ കണ്ണടച്ചെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) സൂക്ഷിച്ചിരുന്ന സ്റ്റോർ മുറിയിലെ കാമറകളാണ് കണ്ണടച്ചത്. വെള്ളിയാഴ്ച അവിചാരിതമായി വൈദ്യുതി ബന്ധം നിലച്ചതുമൂലം ഒരു മണിക്കൂറിലേറെ സമയം സിസിടിവി കാമറകൾ പ്രവർത്തിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചത്.
ഇവിഎമ്മുകളിൽ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനു ഇതോടെ ബലമേറി. തിരിമറി നടത്താനായി ഒരു മണിക്കൂർ നേരെ കാമറ ഓഫ് ചെയ്തെന്നാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആരോപിക്കുന്നത്.
സാഗറിൽ വോട്ടടെപ്പിനു ശേഷം രണ്ടു ദിവസം കഴിഞ്ഞും സ്ട്രോംഗ് റൂമിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എത്തിക്കാതെ വൈകിപ്പിച്ച സംഭവത്തിൽ നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎമ്മുകൾ എത്തിക്കാൻ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
സിസിടിവി കാമറകൾ പ്രവർത്തിക്കാതെവന്നതു സംബന്ധിച്ച് ഭോപ്പാൽ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 30 ന് രാവിലെ 8.19 മുതൽ 9.35 വരെയാണ് വൈദ്യുതിബന്ധം നിലച്ചതുമൂലം കാമറകളും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്ന ടിവിയും പ്രവർത്തന രഹിതമായത്. ഈ സമയം കാമറകളിൽ റിക്കോർഡിംഗ് ഉണ്ടായില്ല. ഇതേ തുടർന്ന് ഒരു എൽഇഡി ടിവിയും ഇൻവെർട്ടറും ജനറേറ്ററും എത്തിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു.
ഓള്‍ഡ് ജയില്‍ കാമ്പസിലെ സ്ട്രോംഗ് റൂം പൂട്ടിയിരുന്നില്ലെന്ന കോൺഗ്രസിന്റെ ആരോപണവും ഇലക്ഷൻ കമ്മീഷൻ ശരിവച്ചു. പരാതിക്കു ശേഷം ഇവ പൂട്ടിയതായി കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.