സ്വന്തം ലേഖകന്‍
കൊച്ചി: “കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സിപിഎമ്മിന് അക്രമസിദ്ധാന്തത്തില് അധിഷ്ഠിതമായ പ്രവര്‍ത്തനരീതിയാണ്. മലബാര്‍ ഇതര ജില്ലകളിലുള്ളവര്‍ക്കു ആ പാര്‍ട്ടിയുടെ മുഖംമൂടി ധരിച്ച പൊയ്മുഖം മാത്രമേ കാണാനാകൂ. അടിയും കുത്തും വെട്ടും കൊലയും കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മലബാറിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി’…
അന്തരിച്ച കേരള കോൺഗ്രസ് എം നേതാവ് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് എഴുതിയ “തൃക്കരിപ്പൂര്‍ ചോരപുരണ്ട കഥകള്‍ പറയുമ്പോള്‍-ഒരു ഐഎഎസുകാരന്റെ ഇലക്ഷന് സെല്‍ഫി’ എന്ന പുസ്തകത്തിലേതാണ് ഈ പരാമര്‍ശം.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന എം.പി. ജോസഫ്, ഇലക്ഷന് നാളുകളില്‍ തനിക്ക് സിപിഎമ്മില്‍നിന്ന് അനുഭവിക്കേണ്ടിവന്ന യാതനകളും ദുരനുഭവങ്ങളും ഉള്ളടക്കമാക്കിയാണു പുസ്തകം രചിച്ചിട്ടുള്ളത്.
“കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സിപിഎം ശക്തിയാര്‍ജിക്കുന്നത് അക്രമത്തിലൂടെയാണ്. എതിര്‍ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുക, എതിരാളികളെ വകവരുത്തുക എന്നീ നിഷ്ഠൂര പ്രവൃത്തികളിലൂടെ അവര്‍ പാര്‍ട്ടിയെ വളര്‍ത്തുന്നു.’… ഇത്തരത്തിലുള്ള പ്രദേശങ്ങളാണ് പാര്‍ട്ടി ഗ്രാമങ്ങളായി രൂപാന്തരപ്പെടുന്നത്’…
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് നാല്പതു ബൂത്തുകളില്‍ മറ്റു പാര്‍ട്ടികളുടെ ഏജന്റുമാരുടെ ദേഹത്ത് നായ്ക്കരണപ്പൊടി വിതറിയും വിരട്ടിയും തല്ലിയും ഭയപ്പെടുത്തിയും സിപിഎം അക്രമം അഴിച്ചുവിട്ടെന്നു പുസ്തകത്തില്‍ എം.പി. ജോസഫ് പറയുന്നു.
ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് ഒന്നും ചെയ്യാനായിട്ടില്ല. 40 ല്‍ 18 ബൂത്തുകളില്‍ മാത്രമാണ് യുഡിഎഫിനു പോളിംഗ് ഏജന്റുമാരെ നിയോഗിക്കാനായതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധതയും അക്രമസ്വഭാവവും തുറന്നുകാട്ടുന്നതിനും തൃക്കരിപ്പൂരില്‍ തനിക്കു നേരിടേണ്ടിവന്ന ഭീഷണിയും അതിക്രമങ്ങളും ജനങ്ങളെ അറിയിക്കുന്നതിനുമാണു പുസ്തകം തയാറാക്കിയതെന്ന് എം.പി. ജോസഫ് പറഞ്ഞു.
പുസ്തകത്തിന്റെ പ്രകാശനം 17ന് വൈകിട്ട് 4.30ന് കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എയില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആദ്യപ്രതി ഏറ്റുവാങ്ങും.
അഡ്വ. എ. ജയശങ്കര്‍ പുസ്തകം പരിചയപ്പെടുത്തും. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചയര്‍മാന്‍ പി.സി. തോമസ് അധ്യക്ഷത വഹിക്കും.
നേരത്തെ എറണാകുളം ജില്ലാ കളക്ടര്‍, കൊച്ചി മേയര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള എം.പി. ജോസഫിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പു പോരാട്ടമായിരുന്നു തൃക്കരിപ്പൂരിലേത്.