കോഴിക്കോട്: പാര്‍ട്ടിയെ പിടിച്ചിടത്തുകെട്ടി കോണ്‍ഗ്രസ് എംപിമാരുടെ ‘ശക്തിപ്രകടനം’. വിശദീകരണം ചോദിച്ച കെപിസിസി നേതൃത്വത്തെ സമവായ ചര്‍ച്ചയിലേക്ക് എത്തിച്ച എം.കെ. രാഘവനും കെ. മുരളീധരനും പാര്‍ട്ടിയില്‍ തങ്ങള്‍ക്കുള്ള പിന്തുണ ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ എംപി കോക്കസ് തുടര്‍ന്നും ഉണ്ടാകുമെന്നുറപ്പായി.
കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറപ്പിക്കുന്ന രീതിയാണ് വിശദീകരണ നോട്ടീസ് ലഭിച്ചതുമുതല്‍ എംപിമാര്‍ സ്വീകരിച്ചത്. ഇതിന് എംപിമാരുടെയടക്കം പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണ ലഭിച്ചു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുമുള്ള എതിര്‍പ്പ് ഇതിനു കാരണമായി.
എഐസിസി നേതൃത്വം ഇടപെട്ടതോടെയാണു സംസ്ഥാന നേതൃത്വത്തിന് വിശദീകരണം ചോദിച്ചത് തെറ്റായിപ്പോയെന്ന രീതിയിലേക്ക് എത്തേണ്ടിവന്നത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെയെങ്കിലും എംപിമാരുടെ അഭിപ്രായങ്ങള്‍ക്ക് സംസ്ഥാന നേതൃത്വത്തിന് ഇനി ചെവി കൊടുക്കേണ്ടിവരും. സ്ഥിതിഗതികള്‍ മാറിമറിഞ്ഞതോടെ കോൺഗ്രസ് പുനഃസംഘടനയിലും ഇതിന്റെ മാറ്റൊലികളുണ്ടാകും.
പുനഃസംഘടനയിൽ കെ. സുധാകരന് പൂർണാധികാരം നൽകില്ലെന്നും അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി നിലവിൽ വരുമെന്നും സൂചന വന്നു കഴിഞ്ഞു.
എം പിമാരും സമിതിയുടെ ഭാഗമാകും. ഇത് സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും.കോഴിക്കോട്ടെ ജില്ലാ-ബ്ലോക്ക് കമ്മിറ്റി ലിസ്റ്റുകളില്‍ എംപിമാര്‍ നല്കിയ പട്ടികയിലുള്ളവര്‍ക്ക് പരിഗണനയുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
സംസ്ഥാന നേതൃത്വവുമായി നേരത്തെതന്നെ ഇടഞ്ഞുനില്‍ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ചനടത്താന്‍ ഡിസിസി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
കെ. മുരളീധരനെയും എം.കെ. രാഘവനെയും മുല്ലപ്പള്ളിയെയും തൃപ്തിപ്പെടുത്തുന്ന ഭാരവാഹി പട്ടിക സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും നിലവിൽ രൂപപ്പെട്ട സാഹചര്യങ്ങൾ പ്രതിഫലിച്ചേക്കും.