സ്വന്തം ലേഖകൻ
തൃശൂർ: നാലാംലോക സിദ്ധാന്തത്തിന്റെ പേരിൽ സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട എം.പി. പരമേശ്വരൻ സംസ്ഥാന സർക്കാർ ഇപ്പോൾ എന്തിനാണ് തനിക്ക് കേരളശ്രീ പുരസ്കാരം തന്നതെന്ന് മനസിലാകുന്നില്ലെന്ന് തുറന്നടിച്ചു.
പുറത്താക്കിയ പാർട്ടി കേരളം ഭരിക്കുന്പോൾതന്നെ പരമേശ്വരന് കേരളശ്രീ പുരസ്കാരം നൽകിയത് പുരസ്കാര പ്രഖ്യാപനവേളയിൽതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുരസ്കാര ലബ്ധിയെക്കുറിച്ച് തനിക്കിതുവരെ ഒൗദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പരമേശ്വരൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2004ലാണ് സിപിഎം പരമേശ്വരനെ പുറത്താക്കിയത്. പുറത്താക്കിയ പാർട്ടി കേരളം ഭരിക്കുന്പോൾ തന്നെ പ്രഥമ കേരളശ്രീ പുരസ്കാരം എം.പി പരമേശ്വരനെ തേടിയെത്തിയത് കാലം കാത്തുവച്ച കൗതുകമായാണ് പലരും കാണുന്നത്.
ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ എം പി പരമേശ്വരൻ നൽകിയ സംഭാവനകളെ പരിഗണിച്ചാണ് കേരള ശ്രീ പുരസ്കാരം.
പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ കേരളശ്രീ പുരസ്കാരം വാങ്ങില്ലെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് എന്തിനാണ് തനിക്കീ പുരസ്കാരമെന്ന ചോദ്യത്തോടെ മറ്റൊരു കേരളശ്രീ പുരസ്കാര ജേതാവ് രംഗത്തെത്തിയിരിക്കുന്നത്.
കെ.റെയിൽ പദ്ധതിക്കെതിരെയും മറ്റും എം.പി.പരമേശ്വരൻ രൂക്ഷ വിമർശനം നടത്തി. 1975മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്ന എം പി തികഞ്ഞ ഇടതുപക്ഷ സഹയാത്രികനായിരുന്നു.
നാലാം ലോക സിദ്ധാന്ത വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ടത് കേരളം ഏറെ ചർച്ച ചെയ്ത സംഭവമായിരുന്നു.
സിപിഎമ്മിനെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും അടിമുടി പിടിച്ചുലച്ച നാലാം ലോക സിദ്ധാന്ത ചർച്ചയും വിവാദങ്ങളും എം പി പരമേശ്വരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് കൊണ്ട് മാത്രം കെട്ടടങ്ങിയില്ല.
പരമേശ്വരൻ പാർട്ടിക്ക് പുറത്തായതിന് ശേഷമുള്ള പല വർഷങ്ങളിലും പലതരത്തിൽ നാലാം ദിവസ സിദ്ധാന്തം പാർട്ടിക്കകത്തും പുറത്തും അതേ രൂപത്തിൽ അല്ലാതെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
സിപിഎമ്മിൽനിന്ന് പുറത്തായെങ്കിലും വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ എം.പി. പരമേശ്വരന്റെ മികവ് അപാരമായിരുന്നു.
ശാസ്ത്രം സാമൂഹ്യ സേവനം എന്നീ മേഖലകളിൽ ഉൾപ്പെടുത്തിയാണ് എം.പി. പരമേശ്വരന് കേരള പുരസ്കാരം നൽകിയത് എന്നതുകൊണ്ടുതന്നെ സിപിഎമ്മിനകത്ത് രാഷ്ട്രീയമായ ഒരു ചർച്ച ഇത് സൃഷ്ടിക്കുകയില്ലെന്നാണ് കരുതിയിരുന്നതെങ്കിലും പുറത്താക്കിയ ഒരാൾക്ക് എന്തിന് പാർട്ടി ഭരിക്കുന്പോൾ ഇത്രയും പ്രധാനപ്പെട്ട പുരസ്കാരം നൽകിയെന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്.
പാർട്ടിയിൽനിന്ന് പുറത്താക്കിയതിൽ അന്നും ഇന്നും വേദനയില്ലെന്നും കിടക്കയിൽനിന്ന് താഴെ വീണതുപോലയേ ഉള്ളൂവെന്നും എം.പി.പരമേശ്വരൻ പറയുന്നു.