ന്യൂഡൽഹി: വിവാദ കാർഷിക പരിഷ്കരണ ബില്ലുകൾക്കെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽനിന്നുള്ള എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പെടെ പ്രതിഷേധിച്ച എട്ട് പേർക്കെതിരെയാണ് നടപടി.
തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ, സഞ്ജയ് സിംഗ്, രാജു സതവ, രിപുൻ ബോറ, ദോള സെൻ, സെയ്ദ് നസിർ ഹസൈൻ എന്നിവരാണ് സസ്പെൻഷൻ നേരിട്ട മറ്റ് രണ്ടു പേർ. പാർലമെന്റിന്റെ 256-ാം ചട്ട പ്രകാരം പാർലമെന്ററികാര്യ സഹമന്ത്രി വി. മരളീധരനാണ് ഇവർക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കി.
ഇതിനു പിന്നാലെ എട്ട് അംഗങ്ങളെ എട്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു. രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.
രാവിലെ തന്നെ സഭ ചേർന്നപ്പോൾ ഇന്നലത്തെ സംഭവത്തെ വെങ്കയ്യ നായിഡു അപലപിച്ചു. ഇന്നലത്തെ സംഭവങ്ങളെ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ പ്രസംഗം തടസപ്പെടുത്തി ബഹളംവച്ച ഡെറിക് ഒബ്രിയനോട് ഇരിക്കാൻ അധ്യക്ഷൻ ആവശ്യപ്പെട്ടു.
എന്നാൽ പ്രതിഷേധം തുടർന്ന ഡെറിക് ഒബ്രിയനോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എംപിമാർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചതോടെ സഭ രാവിലെ 10 വരെ നിർത്തിവച്ചു.
അതേസമയം, രാജ്യസഭയിൽ ചട്ടലംഘനം നടത്തി പക്ഷപാതപരമായി പ്രവർത്തിച്ചെന്നാരോപിച്ച് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ് സിംഗിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി.
പതിമൂന്ന് രാഷ്ട്രീയ പാർട്ടികളാണ് ഉപാധ്യക്ഷനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതു മുന്നിൽക്കണ്ടാണ് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്കെതിരേ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവന്നത്.
നടുത്തളത്തിലിറങ്ങിയും സ്പീക്കറുടെ ചേംബറിനു മുന്നിൽ മൈക്ക് പിടിച്ചുവലിച്ചും ബില്ലിന്റെ പകർപ്പുകൾ വലിച്ചുകീറിയെറിഞ്ഞുമൊക്കെയായിരുന്നു ഇന്നലെ പ്രതിപക്ഷം പ്രതിഷേധം അരങ്ങേറിയത്. നാലു മണിക്കൂർ നിശ്ചയിച്ചിരുന്ന ചർച്ച ബിൽ പാസാക്കിയെടുക്കുന്നതിനായി ഉപാധ്യക്ഷൻ നീട്ടിക്കൊണ്ടുപോയതും പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.
സഭാചട്ട പുസ്തകവുമായി സ്പീക്കറുടെ ചേംബറിലേക്ക് തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ ഇരച്ചുകയറി റൂൾ ബുക്ക് വലിച്ചു കീറാൻ ശ്രമിച്ചു. ബില്ലി ന്മേലുള്ള ചർച്ചയ്ക്കു മറുപടി നൽകുന്നത് ഇന്നത്തേക്കു മാറ്റിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടിരുന്നു.
ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണ് അകാലിദൾ ഉൾപ്പെ ടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇതിനൊന്നും വഴങ്ങാതെ ബിൽ പാ സാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയായിരുന്നു.
അതിരൂക്ഷ പ്രതിപക്ഷ പ്രതിഷേധത്തിനും ഇടയിൽ രണ്ടു കാർഷിക പരിഷ്കരണ ബില്ലുകളാണ് രാജ്യസഭ പാസാക്കിയത്. അസാധാരണമായ പ്രതിപക്ഷ പ്രതി ഷേധത്തിനിടയിൽ ശബ്ദവോട്ടോടെയാണ് കരാർ കൃഷി അനുവദിക്കൽ, ഉത്പന്ന വിപണന നിയന്ത്രണ ബില്ലുകൾ രാജ്യസഭയിൽ പാസായത്. പ്രതിപക്ഷ ബഹ ളത്തിനിടെ രാജ്യസഭ ഒരുവട്ടം പിരിഞ്ഞു ചേർന്നു.
ബിൽ പാസായതിനു ശേഷവും പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽനിന്നു പുറത്തിറങ്ങാൻ കൂട്ടാക്കാതെ അകത്തു ധർണയിരുന്നു പ്രതിഷേധിച്ചു. ലോക്സഭയിൽ പാസായ മൂന്നു കാർഷിക ബില്ലുകളിൽ രണ്ടെണ്ണമാണ് രാജ്യസഭയിൽ പാസായത്. സർക്കാരിനു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ചട്ടങ്ങൾ അട്ടിമറിച്ചാണു ബില്ലുകൾ പാസാക്കിയതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.