സ്വന്തം ലേഖകൻ
തൃശൂർ: സ്കൂളിൽ കെഎസ്യുവിന്റെ പഴയ ക്ലാസ് ലീഡർ 41 വർഷത്തിനുശേഷം കോണ്ഗ്രസിന്റെ തൃശൂർ ജില്ലാ അധ്യക്ഷസ്ഥാനത്ത്. രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷമാണു നിയമനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു രണ്ടുമാസം മാത്രം ശേഷിച്ചിരിക്കേയാണ് ഒന്നരവർഷമായി ഒഴിഞ്ഞുകിടന്ന ഡിസിസി പ്രസിഡന്റു സ്ഥാനത്തേക്ക് നിയമനം നടക്കുന്നത്.
ടി.എൻ. പ്രതാപൻ എംപി ലോക്സഭയിലേക്കു മത്സരിക്കാൻ ഒരുങ്ങിയപ്പോഴേ പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞു. ആറുമാസമായി രണ്ടുപേർക്കു പ്രസിഡന്റുസ്ഥാനം വീതിച്ചു നൽകിയിരിക്കുകയായിരുന്നു.
പ്രസിഡന്റായി നിയമിതനായ വിൻസെന്റ് പോസ്റ്ററൊട്ടിച്ചും ജാഥ നയിച്ചും വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നയിച്ചും പടിപടിയായാണ് നേതൃനിരയിലെത്തിയത്.
തുടക്കംമുതലേ ഐ ഗ്രൂപ്പിൽ പ്രവർത്തിച്ച വിൻസെന്റ് ഇടക്കാലത്ത് ഐ ഗ്രൂപ്പിന്റെ തിരുത്തൽവാദി പ്രസ്ഥാനത്തിന്റെ ഭാഗമായി. ഐ ഗ്രൂപ്പ് നേതാവാണെങ്കിലും ഗ്രൂപ്പുഭേദമില്ലാതെ എല്ലാവരേയും കൂട്ടിയിണക്കി കർമനിരതരാക്കുകയും ജനകീയ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന നേതാവാണ് വിൻസെന്റ്.
വേറിട്ടതും ജനശ്രദ്ധ ആകർഷിക്കുന്നതുമായ സമരമുറകളാണ് വിൻസെന്റിനെ എന്നും ശ്രദ്ധേയനാക്കിയത്.1978 ൽ പഠിച്ചിരുന്ന ചെങ്ങാലൂർ സെന്റ് മേരീസ് സ്കൂളിൽ ക്ലാസ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ തുടങ്ങിയതാണ് വിൻസെന്റിന്റെ പൊതു പ്രവർത്തനവും കോണ്ഗ്രസ് രാഷ്ട്രീയവും.
സ്കൂൾ യൂണിറ്റ് പ്രസിഡന്റ്, കെഎസ്യു താലൂക്ക് ട്രഷറർ, താലൂക്ക് വൈസ് പ്രസിഡന്റ്, താലൂക്ക് പ്രസിഡന്റ് എന്നീ ചുമതലകളിൽ വിദ്യാർഥി യൂണിയൻ പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചു.
ടി.എൻ പ്രതാപൻ എംപി കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ ജില്ലാ വൈസ് പ്രസിഡന്റായും പിന്നീട് 1986 ൽ ജില്ലാ കെഎസ്യു ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. മുൻ കേന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ കെ എസ്യു സംസ്ഥാന പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. നിരവധി സമരങ്ങൾക്കു നേതൃത്വം നൽകി.
1990 കാലഘട്ടത്തിൽ ലീഡർ കെ. കരുണാകരന്റെ നേതൃത്വത്തിൽ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി മെന്പറായി. പിന്നീട് സംസ്ഥാന യൂത്ത് കോണ്ഗ്രസ് ജനറൽ സെക്രട്ടറിയായി. അക്കാലത്ത് തൃശൂർ ജില്ലയിലെ നിരവധി സമരങ്ങൾക്കു നേതൃത്വം നൽകി.
വിവിധ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. അപ്പോളോ ടയേഴ്സ് യൂണിയൻ, അളഗപ്പ ടെക്സ്റ്റൈൽസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായി. സി.എൻ. ബാലകൃഷ്ണൻ ഡിസിസി പ്രസിഡന്റായിരിക്കേ ഡിസിസി ജനറൽ സെക്രട്ടറിയായി.2011 ൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽനിന്നു നിയമസഭാംഗമായി.
ഒല്ലൂർ നിയോജക മണ്ഡലത്തിൽ 486 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കി. പുത്തൂർ സുവോളജിക്കൽ പാർക്ക്, ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഗവണ്മെന്റ് ആർട്സ് കോളജ്, ദേശീയപാത 544 പുനരധിവാസ പാക്കേജിന്റെ ഭാഗമായി ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നൽകി, പീച്ചി മലയോര മഹോത്സവം സംഘടിപ്പിച്ചു.
ചെങ്ങാലൂർ മാണിയാക്കു വീട്ടിൽ പൗലോസിന്റേയും മേരിയുടേയും മകനാണ്. തൃശൂർ സെന്റ് തോമസ് തോപ്പ് സ്കൂളിലെ അധ്യാപിക റെജിയാണു പത്നി. എൻജിനീയറിംഗ് കോളജ് വിദ്യാർഥികളായ വിക്ടർ, ഐറിൻ എന്നിവരാണു മക്കൾ.