തൃശൂർ: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ പ്രചരണത്തിനു രംഗത്തിറങ്ങാതെ എം.പി.വിൻസന്റ് കെ.സി.വേണുഗോപാലിന്റെ പ്രചരണത്തിനുവേണ്ടി ആലപ്പുഴയ്ക്കു പോയത് തൃശൂർ കോണ്‍ഗ്രസിനകത്ത് വീണ്ടും മുരളി അനുകൂലപക്ഷം ചർച്ചയാക്കുന്നു.
എം.പി.വിൻസന്റ് മുരളിക്കു വേണ്ടി അധികമൊന്നും രംഗത്തിറങ്ങിയിട്ടില്ലെന്നും വിൻസന്റും കൂട്ടരും അതേസമയം കെ.സിക്കുവേണ്ടി പ്രവർത്തിക്കാൻ ആലപ്പുഴയ്ക്കു പോയത് എന്തിനാണെന്ന് എല്ലാവർക്കും മനസിലാകുമെന്നും മുരളിപക്ഷക്കാർ പറയുന്നു.
തോൽവിക്കു ശേഷം തൃശൂരിൽ എം.പി.വിൻസന്റിനെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിനു പിന്നാലെ വിൻസന്റ് വേണുഗോപാലിനു വേണ്ടി പ്രചരണത്തിനു പോയതും പ്രതിഷേധക്കാർ നേതൃത്വത്തിനെതിരെയുള്ള ആയുധമാക്കുകയാണ്. തൃശൂരിൽ തോറ്റതിനെത്തുടർന്ന് ഡിസിസി നേതൃത്വത്തോടും നേതാക്കളോടും മുരളി ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
കെ.സി. വേണുഗോപാലിന്റെ ഏറ്റവും അടുത്തയാളായ എം.പി.വിൻസന്റ് തൃശൂർ യുഡിഎഫ് കണ്‍വീനറായിരിക്കെയാണ് തൃശൂർ ലോക്സഭമണ്ഡലത്തിലെ സ്ഥാനാർഥിക്കു വേണ്ടി പ്രചരണത്തിനു നിൽക്കാതെ ആലപ്പുഴയ്ക്കു പോയത്.
മുരളിയുടെ തോൽവി കെപിസിസി നേതൃത്വം അന്വേഷിക്കുന്പോൾ ആലപ്പുഴയ്ക്ക് വിൻസന്റ് പ്രചരണത്തിനു പോയതും മുരളി അനുകൂലികൾ നേതൃത്വത്തിനെതിരേ ആരോപിക്കും.
സ്വന്തം ലേഖകൻ