സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസിനെ വീണ്ടും ക്ഷണിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നെട്ടിശേരിയിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വർഗീസിനെ രണ്ടു വർഷത്തേക്ക് മേയറാക്കിക്കൊണ്ടാണ് ഇപ്പോൾ എൽഡിഎഫ് കൂടെ നിർത്തിയിരിക്കുന്നത്.
എന്നാൽ വർഗീസിന് അഞ്ചുവർഷത്തെ മേയർ സ്ഥാനമാണ് തങ്ങൾ നേരത്തെ തന്നെ നൽകിയിരുന്നതെന്നും ആ വാഗ്ദാനവും ഉറപ്പും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പുല്ലഴിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയശേഷം ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ് പറഞ്ഞു.
പഴയ കോണ്‍ഗ്രസുകാരനായ വർഗീസ് തങ്ങൾക്കൊപ്പം മടങ്ങിയെത്തുമെന്നും ബ്ലാങ്ക് ചെക്കാണ് വർഗീസിന് തങ്ങൾ നൽകിയിരിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.അതേ സമയം താൻ സ്വതന്ത്രനായാണ് ഇപ്പോൾ മേയറായി പ്രവർത്തിക്കുന്നതെന്നും എൽഡിഎഫിനൊപ്പം നിൽക്കുന്നതിൽ താനിപ്പോൾ സംതൃപ്തനാണെന്നും
എന്തെങ്കിലും അസംതൃപ്തി തോന്നിയാൽ അപ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുമെന്നുമാണ് മേയർ എം.കെ.വർഗീസ് നിലപാടെടുത്തിരിക്കുന്നത്.മേയർ പദവിക്കു പുറമെ കോണ്‍ഗ്രസ് വർഗീസിന് ഉയർന്ന സ്ഥാനങ്ങൾ പാർട്ടിക്കുള്ളിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.