കോഴിക്കോട്: കലിതുള്ളിയ കാലവര്‍ഷത്തിന് ശമനമായെങ്കിലും ദുരിതം ബാക്കി. ചെളിയും അവശിഷ്ടങ്ങള്‍ നിറഞ്ഞ വീടുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചിരുന്നവരെ കാത്തിരിക്കുന്നത്. ഇവ ശുചീകരിക്കാനും പൂര്‍വസ്ഥിതിയിലാക്കാനും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്.
മഴ മാറിയതോടെ ജില്ലയിലെ വിവിധ താലൂക്കുകളായി പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പിരിച്ചുവിട്ടു തുടങ്ങിയിരുന്നു. ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ വരെ 180 ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. 14323 കുടുംബങ്ങളില്‍ നിന്നുള്ള 44864 പേരാണ് താമസിക്കുന്നത്.
315 ക്യാമ്പുകള്‍ വരെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ 50802 ദുരിതബാധിതര്‍ വരെ താമസിച്ചിരുന്നു. ഇന്നലെയും ഇന്നുമായി മഴയ്ക്ക് ശമനമായതോടെയാണ് ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിയത്. ചളിയും അവശിഷ്ടങ്ങളും നിറഞ്ഞ വീടുകളില്‍ ഇവ നീക്കം ചെയ്യാന്‍ സന്നദ്ധപ്രവര്‍ത്തകരും മറ്റും രംഗത്തുണ്ട്.
ശുചീകരണം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വയറിംഗ് മാറ്റി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ഇവരുടെ ആശങ്ക.
അതേസമയം നിറഞ്ഞൊഴുകിയ പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ മലയോരമേഖലയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും പൂര്‍ണമായും പുന:സ്ഥാപിച്ചു. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും മലയോരമേഖലകളിലേക്കുള്പ്പെടെയുള്ള സര്‍വീസുകള്‍ പുന:രാരംഭിച്ചു. കനത്തമഴയെ തുടര്‍ന്ന് താറുമാറായ ഷൊര്‍ണൂര്‍ -കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതവും പുനസ്ഥാപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ഗതാഗതം പുനസ്ഥാപിച്ചത്. മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് സ്പെഷല്‍ പാസഞ്ചറായി കടത്തിവിട്ടു. പാളങ്ങള്‍ ഗതാഗതയോഗ്യമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. രണ്ടുദിവസത്തിനകം ഗതാഗതം സാധാരണസ്ഥിതിയിലാകുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആലി മൂലയിലേതടക്കം പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘവും രംഗത്തുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ജോധ്പൂരിലെ 63 എഞ്ചിനിയര്‍ റെജിമെന്റില്‍ നിന്നുമുള്ള മേജര്‍ ബാലേശ്വറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ എഞ്ചിനിയറിങ്ങ് ബറ്റാലിയനാണ് രംഗത്തെത്തിയത്.
തിരച്ചില്‍ നടത്തുന്നതിനുള്ള ആധുനീക ഉപകരണങ്ങള്‍, മണ്ണിനടിയില്‍ തിരച്ചില്‍ നടത്തുന്നതിനുള്ള ഉപകരണങ്ങള്‍, ചെറിയ ഡിങ്കികള്‍, നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ഉപകരണങ്ങള്‍ തുടങ്ങി ഒരു ലോറിയില്‍ സന്നാഹങ്ങളുമായാണ് സംഘം എത്തിയത്. ഞായറാഴ്ച്ച രാവിലെ ജില്ലാ കളക്ടര്‍ എസ്.സാംബശിവ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം വിലങ്ങാട് സന്ദര്‍ശിച്ചതിന് ശേഷമാണ് മേഖലയിലുണ്ടായ ദുരന്തത്തിന്റെ ഭീതിതമാ യ അവസ്ഥ മനസിലാക്കി സൈന്യത്തിന്റെ സഹായം തേടിയത്.
യുദ്ധമേഖലകളിലും, ദുരന്തസ്ഥലങ്ങളിലും നിരവധി പാലങ്ങളടക്കം ദിവസങ്ങള്‍ക്കുള്ളില്‍ പുനഃര്‍നിര്‍മിച്ച് മികവ് തെളിയിച്ചവരാണ് 63 എഞ്ചിനിയറിങ്ങ് കോര്‍ . ജല്പൗഗുരി, തേസ്പൂര്ഉത്തര്പ്രദേശ്, പഞ്ചാബ്, ബീഹാര്‍, ജമ്മു കാശ്മീര്‍ തുടങ്ങി രാജ്യത്തിന്റെ നിരവധി ദുരന്തമേഖലകളില്‍ ഈ എഞ്ചിനിയറിങ്ങ് വിങ്ങ് രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.