ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിനുശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തൽകാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തലെങ്കിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചെക്ക്പോസ്റ്റുകളിലുമൊക്കെ കനത്ത ജാഗ്രത തുടരും.
ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഹരിയാന ഹിസാർ സ്വദേശിയായ യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം ഇന്നലെയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. എംപോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്.
2022ല്‍ ഇതേ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. അന്ന് മുപ്പത് പേര്‍ക്ക് രോഗബാധയുണ്ടാകുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. നിലവില്‍ വലിയ വ്യാപനത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.