അമ്പലപ്പുഴ: പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഗുരുതരപരിക്കേറ്റ യൂത്ത്കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് എം.പി.പ്രവീണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് ക്ഷതമേറ്റതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലാത്തിക്ക് അടിയേറ്റതാണ് ക്ഷതമേല്‍ക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
പരിക്കേറ്റ ശരണ്യ ശ്രീകുമാറിനെയും തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വയറിന് ചവിട്ടേറ്റ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസി.അരിതാബാബുവിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയേറ്റ് ജില്ലാ സെക്രട്ടറി മേഘയുടെ കഴുത്തിലെ ഡിസ്കിനു ഗുരതര പരിക്കുണ്ട്. വൈസ് പ്രസിഡന്റ് ഗംഗാശങ്കർ പ്രകാശ്, സംസ്ഥാന ജനറൽ സെക്രട്ടറി മീനു സജീവ്, നൗഫൽ ചെമ്പകപ്പള്ളി, മേഘ രഞ്ജിത്ത്, സൈഫുദ്ധീൻ, രൂപേഷ് , ആദർശ് മഠത്തിൽ, മുത്താരാ രാജ്, സിന്ധു കുറപ്പ് , അർജുൻ ഗോപകുമാർ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ, മുന്‍ എം.പി വി.എം.സുധീരന്, കൊടിക്കുന്നില്‍ സുരേഷ് എം.പി, മുന്‍ മന്ത്രി കെ.സി.ജോസഫ്,ഡോ.സെറിന്‍,ഡി.സി.സി പ്രസിഡന്റ് അഡ്വ.ബാബുപ്രസാദ് എന്നിവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
പോലീസ് നടത്തിയത് അതിഭീകരമായ നരനായാട്ടാണെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ലാത്തിച്ചാര്‍ജല്ല,കൊലപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. ഇങ്ങനെ ക്രൂരമര്‍ദ്ദനം നടത്തേണ്ട സാഹചര്യം എന്താണെന്നറിയില്ല.
കൊലപാതകശ്രമം നടത്തിയ പോലീസിനെതിരെ നിയമനടപടി സ്വീകരിക്കും. മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറിയാം. വനിതാപ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിച്ചു. അവരുടെ വസ്ത്രം വലിച്ചു കീറുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തു. പോലീസ് കാണിക്കുന്നത് കാടത്തമാണ്. കരുവന്നൂരിൽ സി.പി.എം അറിഞ്ഞുകൊണ്ട് നടത്തിയതു വലിയ കുംഭകോണമാണ്. സിപിഎമ്മിന്റെ അക്ഷയ ഖനിയായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക്. അതിന്റെ വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
വ്യവസായ മന്ത്രി പി. രാജീവിനെ എതിരായ ആരോപണം പുറത്തു വന്നു.അതു മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശരിയായ വസ്തുതകൾ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.