ചായ നല്‍കി ഞങ്ങളെ വീഴ്ത്താമെന്ന് കരുതേണ്ട ! രാജ്യസഭാ ഉപാധ്യക്ഷന്റെ ചായ സല്‍ക്കാരം നിരസിച്ച് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിംഗിന്റെ ചായ വാഗ്ദാനം നിരസിച്ചു സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍. ഇന്നു രാവിലെയാണ് ഉപാധ്യക്ഷന്‍ പാര്‍ലമെന്റിനു പുറത്തു പ്രക്ഷോഭം തുടരുന്ന പ്രതിപക്ഷ എംപിമാരെ സമീപിച്ചു ചായ വാഗ്ദാനം നല്‍കിയത്.


എന്നാല്‍, എംപിമാര്‍ അദ്ദേഹത്തിന്റെ ‘ചായ നയതന്ത്രം’ നിരസിച്ചു. കര്‍ഷക വിരുദ്ധന്‍ എന്നു വിളിക്കുകയും ചെയ്തു. കാര്‍ഷിക ബില്ലിനെതിരേ നടത്തിയ പ്രതിഷേധത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനോടു നിലവിട്ടു പെരുമാറിയെന്ന് ആരോപിച്ചു സഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവാണ് എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.


സിപിഎം എംപിമാരായ എളമരം കരിം, കെ.കെ.രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതാവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.


സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് പുറത്തുനടത്തുന്ന സമരം ഇപ്പോഴും തുടരുന്നു. പാര്‍ലമെന്റിനു പുറത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിലെ പുല്‍ത്തകിടിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എംപിമാരുടെ പ്രതിഷേധം ആരംഭിച്ചത്.


കെ.കെ രാഗേഷ് എംപി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍നിന്നുള്ള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചു. വീഡിയോയില്‍ പുല്ലില്‍ വിരിച്ച വിരികളില്‍ കിടന്നുറങ്ങുന്ന എം.പിമാരെ കാണാം. പ്രതിഷേധം തുടരുന്‌പോഴും എംപിമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയാറായിട്ടില്ല.

എംപിമാര്‍ മാപ്പ് പറയാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയെക്കുറിച്ചും മറ്റു നടപടികളെക്കുറിച്ചും ആലോചിക്കാന്‍ കേന്ദ്രം തയാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മാപ്പ് പറയാന്‍ തയാറല്ലെന്നു കഴിഞ്ഞ ദിവസം തന്നെ എംപിമാര്‍ അറിയിച്ചിരുന്നു.


പാര്‍ലമെന്ററിവിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. സമരം നടത്തുന്ന എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നിരവധി പ്രതിപക്ഷ എംപിമാരും നേതാക്കളും സമര സ്ഥലത്തെത്തുന്നുണ്ട്.

Related posts

Leave a Comment