തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത്ത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവിനെ കോവളത്തെ ഹോട്ടലിൽ വച്ച് കണ്ടപ്പോൾ എഡിജിപിക്കൊപ്പമുണ്ടായിരുന്ന ഉന്നതന്റെ പേര് പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിൽ രാഷ്ട്രീയ കേരളം ആകാംക്ഷയിൽ.
എഡിജിപിയും ഒരു പ്രമുഖ ബിസിനസുകാരനും ഭരണതലത്തിൽ ബന്ധമുള്ള ഒരു വ്യക്തിയും ഉൾപ്പെടെ മൂന്നു പേരാണ് കോവളത്തെ ഹോട്ടലിൽ റാം മാധവുമായി കൂടിക്കാഴ്ച നടത്തിയതെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
എഡിജിപിയുടെ കൂടെപ്പോയത് മുഖ്യമന്ത്രിയ്ക്ക് വളരെവേണ്ടപ്പെട്ടയാളാണെന്ന് ചില മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഭരണതലത്തിൽ ബന്ധമുള്ള ആൾ ആരാണെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
മുഖ്യമന്ത്രിയോട് ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണെന്നുമുള്ള ഉൗഹാപോഹങ്ങളാണ് സോഷ്യൽ മീഡിയകളിലും ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എഡിജിപി അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന വിമർശനങ്ങളാണ് ദിനംപ്രതി ഉയരുന്നത്.
അതിനാലാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎമ്മിലെ ഒരു വിഭാഗവും മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി നീങ്ങുകയാണെന്നാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരം.