മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കല്യാണരാമൻ. ഈ സിനിമയിലെ ചോറു വിളമ്പുന്ന രംഗം യഥാർഥത്തിൽ നടന്നതാണെന്നു വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകനായ ഷാഫിയും തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും.
ചിത്രത്തിൽ പോഞ്ഞിക്കര എന്ന കഥാപാത്രമായി തകർത്താടിയ ഇന്നസെന്റ് തന്റെ നാട്ടിൽ നടന്ന ഒരു കഥ ദിലീപിനോടു പറയുകയും പിന്നീട് ദിലീപ് അതു സംവിധായകനോടും തിരക്കഥാകൃത്തിനോടും പറയുകയും അവരതു ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഒരഭിമുഖത്തിലാണ് ഈ അറിയാക്കഥ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്.പോഞ്ഞിക്കര എന്ന കഥാപാത്രത്തിന് കഥാഗതിയിൽ വലിയ പ്രാധാന്യം ഇല്ലെന്നു തോന്നിയതിനാൽ ഇന്നസെന്റിന് ആദ്യം വിഷമമായിരുന്നെന്നും എന്നാൽ പിന്നീട് അദ്ദേഹം സ്വന്തമായി കൈയിൽ നിന്ന് ഒട്ടനവധി നമ്പറുകളിട്ട് ആ കഥാപാത്രം അവിസ്മരണീയമാക്കിയെന്നും ഷാഫിയും ബെന്നിയും പറയുന്നു.
മ്യൂസിക് വിത്ത് ബോഡി മസിൽസ്, ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും തുടങ്ങി ആ ചിത്രത്തിലെ പല ഹാസ്യരംഗങ്ങളും ഇന്നസെന്റ് തന്റേതായ രീതിയിൽ രൂപപ്പെടുത്തിയതാണെന്നും അവർ പറഞ്ഞു.
റിലീസിന് മുമ്പ് തനിക്ക് ഏറ്റവും ടെൻഷൻ തന്ന സിനിമയായിരുന്നു കല്യാണരാമൻ എന്ന ഷാഫി പറഞ്ഞപ്പോൾ തന്റെ പതിമൂന്നാമത്തെ ചിത്രമായ ഈ സിനിമ സൂപ്പർ ഹിറ്റാകുമെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നെന്ന് ബെന്നിയും അഭിമുഖത്തിൽ പറഞ്ഞു. -പിജി