ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ എംആർഐ സ്കാനിംഗ് സെന്റർ അടച്ചിട്ടിട്ട് ഒരാഴ്ച പിന്നിടുന്നു. സ്കാൻ ചെയ്ത് രോഗനിർണയം നടത്തുവാൻ കഴിയാത്തതിനാൽ ഏത് രോഗമാണെന്ന് അറിയാതെ ചികിത്സ നൽകുവാൻ ഡോക്ടർമാരും മടിക്കുന്നു. ചികിത്സ യഥാസമയം ലഭിക്കാത്തതിനാൽ രോഗികളുടെ ആരോഗ്യനിലയും മോശമാകുന്നു. സ്കാനിംഗ് മെഷീൻ തകരാർ മൂലമാണ് സെന്റർ അടച്ചിട്ടത്.
ഛത്തീസ്ഗഡിലെ ഒരു കന്പനിയുടെ മെഷീനാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ തകരാർ സംഭവിച്ചാൽ കന്പനിയുടെ ടെക്നീഷ്യൻ ഛത്തീസ്ഗഡിൽ നിന്നെത്തണം. കഴിഞ്ഞ തിങ്കളാഴ്ച എത്തി തകരാർ പരിഹരിച്ച് ഇന്നലെ മുതൽ പ്രവർത്തിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഒന്നും സംഭവിച്ചില്ല. സ്കാനിംഗിനായി സെപ്തംബർ മാസം വരെ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് രോഗികൾ.
ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചികിത്സയുടെ ഭാഗമായി എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കും. എന്നാൽ ഇതിനു കഴിയാതെ വരുന്നതോടെ ചികിത്സ ഭാഗികമായി തടസപ്പെടും. നിർധനരായ രോഗികളെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. അല്ലാത്തവർ സ്വകാര്യ സ്ഥാപനങ്ങളിൽപ്പോയി സ്കാൻ ചെയ്യുന്നതിനാൽ അവരുടെ ചികിത്സ വൈകുന്നില്ല.
എന്നാൽ ഗുരുതരമായതും വളരെ അത്യാവശ്യം സ്കാനിംഗ് ചെയ്യേണ്ടതുമായ രോഗികൾക്ക് എംആർഐ ചെയ്യണമെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചേരുവാനാണ് കോട്ടയം മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന ഹിന്ദ് ലാബ് അധികൃതർ പറയുന്നത്. ഇത് പ്രായോഗികമല്ലെന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്. രോഗികളിൽ ഭൂരിപക്ഷവും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവരാണ്. അതിനാൽ 3500 രൂപ സ്കാനിംഗ് ഫീസ് നൽകേണ്ട. സ്കാനിംഗ് സൗജന്യമാണ്.
ഈ സൗജന്യ സ്കാനിംഗിന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയെ വാഹനത്തിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളജിൽ കൊണ്ടുപോയി സ്കാൻ ചെയ്ത് തിരികെ വരുന്പോൾ സ്വകാര്യ ലാബി ൽ പരിശാധിക്കുന്നതിനു തു ല്യമായ വാഹനക്കൂലിയും മറ്റും വേണ്ടിവരും. എന്നാൽ പിന്നെ ഇത്രയും ദൂരം രോഗിയുമായി സഞ്ചരിച്ച് രോഗിക്ക് അസ്വസ്ഥത ഉണ്ടാക്കാതെ കോട്ടയം മെഡിക്കൽ കോളജിനു സമീപത്തുള്ള സ്വകാര്യ സ്കാകാനിംഗ് സെന്ററിൽ ചെയ്താൽ മതിയല്ലോയെന്ന് ചില രോഗികളുടെ ബന്ധുക്കളും കരുതും.
മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന എംആർ ഐ എച്ച്എൻഎൽ നിയന്ത്രണത്തിലുള്ളതാണ്. പൂർണമായും കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എംആർഐ മെഷീൻ സ്ഥാപിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.