ഗാന്ധിനഗർ: സ്കാനിംഗ് ഡേറ്റ് നീട്ടുന്നത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനോ അതോ അധികൃതർ പറയുന്നതുപോലെ തിരക്കായിട്ടാണോ?എന്താണെങ്കിലും കോട്ടയം മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന അർധ സർക്കാർ സ്ഥാപനമായ എംആർഐ സ്കാനിംഗ് സെന്റർ പ്രവർത്തനം ഇങ്ങനെ പോയാൽ പണമില്ലാത്ത പാവപ്പെട്ട രോഗികൾ രോഗ നിർണയം നടത്താതെ മരണപ്പെടും.
തീർച്ച. കാരണം ഗുരുതര രോഗികൾക്കു പോലും സ്കാൻ ചെയ്യാൻ ഒരു മാസത്തിൽ കൂടുതൽ സമയമാണ് അനുവദിക്കുന്നത്. പണമുള്ളവർ അതുവരെ കാത്തു നിൽക്കാതെ സ്വകാര്യ സ്കാനിംഗ് സ്ഥാപനങ്ങളെ ആശ്രയിക്കും. പണമില്ലാത്തവർ സ്കാനിംഗ് നടത്തുകയില്ല. ഒടുവിൽ രോഗ നിർണയം പോലും നടത്താതെ മരണത്തിലേക്ക് പോകും.
കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച് എൻ എൽ സ്ഥാപനമാണ് ഈ സ്കാനിംഗ് സെന്റർ നടത്തുന്നത്. ഇവിടെ എംആർഐ ചെയ്യുന്നതിന് 3500 രുപ നൽകിയാൽ മതി. സ്വകാര്യ സ്ഥാപനമാണെങ്കിൽ ഇതിന്റെ ഇരട്ടിയിലധികം നൽകണം. ചികിത്സയിൽ കഴിയുന്ന രോഗിക്ക് ആർഎസ്ബിവൈ ആനുകൂല്യമുണ്ടെങ്കിൽ 3500 രൂപ നൽ കേണ്ടതില്ല.
എന്നാൽ സൗജന്യമായി സ്കാനിംഗ് ചെയ്ത് കിട്ടണമെങ്കിൽ ഒരു മാസത്തിലധികം രോഗി കാത്തിരിക്കണം. ഇത്രയും സമയം കാത്തിരിക്കുന്പോൾ രോഗനിർണയം നടത്തി ചികിത്സ നൽകാൻ കഴിയാതെ രോഗി മരണപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു എന്നാണ് മുഖ്യമായ ആക്ഷേപം.
അതിനാൽ പലരും സൗജന്യ സ്കാനിംഗിന് കാത്തിരിക്കാതെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. എന്നാൽ നിർധനരായ നിരവധി രോഗികൾക്ക് പണം ഇല്ലാത്തതിന്റെ പേരിൽ സ്കാൻ ചെയ്ത് രോഗനിർണയം നടത്താൻ കഴിയാതെ മരണപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
അതിനാൽ പൂർണമായി സർക്കാർ നിയന്ത്രണത്തിലുള്ള എംആർഐ സ്കാനിംഗ് സെന്റർ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടി ആശുപത്രി അധികൃതർ സ്വീകരിക്കണമെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും ആവശ്യം.
എന്നാൽ ദിവസേന നിരവധി രോഗികളാണ് സ്കാനിംഗിനായി എത്തുന്നതെന്നും 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിച്ചിട്ടും നിശ്ചിത സമയത്ത് തന്നെ ചെയ്തു കൊടുക്കുവാൻ കഴിയാത്തതാണ് നീണ്ട കാലാവധി കൊടുക്കുന്നതെന്നാണ് സ്കാനിംഗ് സെന്റർ അധികൃതരുടെ വിശദീകരണം.