നടന് വിനായകനുമായി ബന്ധപ്പെട്ട മീടു വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇതിനിടയ്ക്ക് നടന്റെ പല പരാമര്‍ശങ്ങളും വിവാദം ആളിക്കത്തിക്കുകയും കൂടി ചെയ്തു.
‘പന്ത്രണ്ട്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലുണ്ടായ വിനായകന്റെ പ്രതികരണങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
‘മീ ടൂ’വിനെക്കുറിച്ച് വിനായകന് വീണ്ടും സംസാരിച്ചതും അതിന്റെ തുടര്‍ച്ചയും മാധ്യമപ്രവര്‍ത്തകരെ ക്ഷുഭിതരാക്കുകയും അത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുകയായിരുന്നു.
ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി.
നടന് വിനായകന് എതിരെ ഉയരുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണം അദ്ദേഹത്തിന്റെ ജാതിയും നിറവുമാണെന്നാണ് മൃദുല ദേവി പറയുന്നത്.
വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍. അതിവിടെ ഒരു നടന്മാര്ക്കും നേരിടേണ്ടി വന്നിട്ടില്ല.
വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് താന്‍ ഒരു കാലത്തും യോജിക്കില്ലെന്നും ഒരു ചാനലില്‍ മൃദുല ദേവി പ്രതികരിച്ചു.
മൃദുലയുടെ വാക്കുകള്‍ ഇങ്ങനെ…വിനായകന്റെ ജാതിയും നിറവും ആണ് ഈ പ്രകോപന ചോദ്യങ്ങള്‍ക്ക് പിന്നിലെ കാരണം. നിറം എന്ന് പറഞ്ഞാല്‍ വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ്.
അതിവിടെ ഒരു നടന്മാര്ക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകന്റെ ജാതി കാരണമാണ് ‘താന്‍’ എന്ന് വിളിക്കുന്നതും പ്രകോപിപ്പിച്ച് സംസാരിക്കുന്നതും. തീര്‍ച്ചയായിട്ടും എന്റെ ഒരു കേസ് അവിടെ നില്‍ക്കുന്നുണ്ട്.
എങ്കില്‍പ്പോലും അന്ന് ഞാന്‍ പറഞ്ഞ വാക്കില്‍ ഇന്നും ഉറച്ചു നില്ക്കുന്നു. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് ഞാന്‍ ഒരു കാലത്തും യോജിക്കില്ല.
വിനായകനോട് മാത്രമാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ പെരുമാറുന്നതും വയലന്‍സ് ക്രിയേറ്റ് ചെയ്യുന്നതെങ്കില്‍ അത് ജാതി കൊണ്ട് മാത്രമാണ്. അപ്പോഴും അദ്ദേഹം ഇവിടെ പിടിച്ചു നില്ക്കുന്നു എന്നതില്‍ എനിക്ക് വളരെയേറെ അഭിമാനമുണ്ട്….”
പ്രസ് മീറ്റിനിടയില്‍ മീ ടൂ വിവാദത്തെക്കുറിച്ചുള്ള ചോദ്യം മൂലം വിനായകന് ക്ഷുഭിതനായി. പിന്നീട് മീ ടൂ എന്നത് ശാരീരികവും മാനസികവുമായ പീഡനം ആണെങ്കില്‍ അത് താന്‍ ചെയ്തിട്ടില്ല എന്നും പറഞ്ഞു.
താന്‍ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ മേലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും വിനായകന് കൂട്ടിച്ചേര്‍ത്തു.
‘എന്താണ് മീ ടൂ? അതില്‍ നിന്ന് നമുക്ക് തുടങ്ങാം. മാനസികവും ശാരീരികവുമായ പീഡനം ആണ്. ഇത് ഇന്ത്യന്‍ നിയമപ്രകാരം വളരെ വലിയൊരു കുറ്റമാണ്.
ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങള്‍ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇവരെ പിടിച്ച് ജയിലില്‍ ഇടണ്ടേ. എത്രപേര്‍ ജയിലില്‍ പോയിട്ടുണ്ട്? ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടു മീ ടൂ എന്നൊരു ഊള വാക്കുമിട്ട് പറ്റിക്കുന്നു ജനത്തിനെ.
തമാശ കളിക്കുന്നോ വിനായകനോട്. ഇനി എന്റെ മേല്‍ ഇത് ഇടാനണോ എന്നത് കൊണ്ടാണ് അന്ന് ഞാന്‍ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാന്‍ പറയാം. ഞാന്‍ അത് ചെയ്തിട്ടില്ല…” ഇങ്ങനെയാണ് വിനായകന് പറഞ്ഞു തുടങ്ങിയത്.
‘ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടൂ എങ്കില്‍ അത് ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുള്ളത് പത്തും അതില്‍ കൂടുതല്‍ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണ്.
അത് റോഡില്‍ പോയിരുന്നു നോട്ടീസ് കൊടുക്കുന്നത് അല്ല. നിങ്ങള്‍ എന്റെ മേല്‍ ആരോപിച്ച മീ ടൂ ഞാന്‍ ചെയ്തിട്ടില്ല. വിനായകന് അത്ര തരം താഴ്ന്നവന് അല്ല പെണ്ണിനെ പിടിക്കാന്‍.” എന്നും വിനായകന് പറഞ്ഞു.
ഒരുത്തീ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിലെ ലൈംഗിക പരാമര്‍ശം മാധ്യമപ്രവര്‍ത്തകയോട് ആയിരുന്നില്ല ഉദേശിച്ചത് എന്നും വിനായകന് പറഞ്ഞു. ‘അന്ന് ആ പെണ്കുട്ടിയോടല്ല ഞാന്‍ പറഞ്ഞത്.
അങ്ങനെ തോന്നിയെങ്കില്‍ ആ കൊച്ചിനോട് ഞാന്‍ സോറി പറയുന്നു. ആ കൊച്ചിന് അങ്ങനെ തോന്നിയില്ലെങ്കില്‍ സോറി പിന്‍വലിക്കുന്നു.’ എന്നും വിനായകന് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനകളാണ് വിവാദമായത്.