ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് മൃണാല്‍ ഠാക്കൂര്‍. സീതാരാമം എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണു മൃണാൾ. ടെലിവിഷനിലൂടെയാണ് താരം തന്റെ കരിയര്‍ തുടങ്ങിയത്.
പുറത്തുനിന്നു നോക്കുമ്പോള്‍ മികച്ച ജീവിതമാണെന്നു തോന്നുമെങ്കിലും സുഖകരമല്ലാത്ത സാഹചര്യങ്ങള്‍ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നു പറയുകയാണ് മൃണാൾ.
എനിക്ക് പലപ്പോഴും ബോഡി ഷെയ്മിംഗിനു വിധേയയമാകേണ്ടി വന്നിട്ടുണ്ട്. സൗന്ദര്യനിലവാരം മാറ്റാന്‍ പോകുന്നുവെന്ന് ഇടയ്ക്കു പ്രതിജ്ഞയെടുക്കേണ്ടിവരെ വന്നിട്ടുണ്ട്. ഇന്റര്‍നെറ്റിലെ ആളുകള്‍ പലപ്പോഴും എല്ലാം തികഞ്ഞതാണെന്ന് നടിക്കാറുണ്ട്. എന്നാല്‍ എല്ലാവരുടെയും ജീവിതം അങ്ങനെയല്ല.
ഉറക്കമുണരാന്‍ ആഗ്രഹിക്കാതെ കിടക്കയില്‍ തന്നെ കിടക്കുന്ന ദിവസങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടാവാറുണ്ട്. കിടക്കയില്‍നിന്ന് എഴുന്നേല്ക്കാന് ഞാന്‍ ആഗ്രഹിക്കാറില്ല, പക്ഷേ ഞാനത് ചെയ്യുന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയല്ല, എനിക്കു വേണ്ടി മാത്രമാണ്. നമ്മളെ കുടുംബമല്ലാതെ മറ്റാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. അതിനാല്‍, മോശം ദിവസങ്ങളുണ്ടെങ്കില്‍, നല്ല ദിവസങ്ങളുണ്ടാകുമെന്ന് സ്വയം ഓര്‍മിപ്പിച്ച് കൊണ്ടേയിരിക്കുന്നത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. അങ്ങനൊരു തിരിച്ചറിവ് എനിക്ക് വന്നു- മൃണാൾ പറഞ്ഞു.
പിയര്‍ ആകൃതിയിലുള്ള ശരീരത്തിന്റെ പേരില്‍ ആളുകള്‍ എന്നെ കളിയാക്കിയിരുന്നു. എന്റെ ശരീരത്തിന്റെ വളവുകള്‍ കാണിച്ച് സൗന്ദര്യ നിലവാരത്തെക്കുറിച്ചുള്ള ചിന്തകള്‍ മാറ്റാന്‍ പോവുകയാണ് ഞാന്‍. മാത്രമല്ല ശരീരത്തില്‍ ഒട്ടിപ്പിടിച്ചുകിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ മുന്‍പ് ഞാന്‍ ഭയപ്പെട്ടിരുന്നു.
എന്നാലിപ്പോള്‍, ഞാനതില്‍ മാറ്റം വരുത്തി. ശരീരത്തോടു ചേര്‍ന്നുനില്‍ക്കുന്നതോ ക്രോപ്പ് ടോപ്പുകളോ ധരിക്കും. നിരത്തുകളിലൂടെ നടക്കുന്ന ഓരോ ഇന്ത്യന്‍ സ്ത്രീയെയും നോക്കിയാല്‍ അവര്‍ ചിലപ്പോള്‍ വളഞ്ഞ് നടക്കുന്നവരായിരിക്കും. പക്ഷേ അവര്‍ വളരെ സുന്ദരികളായിരിക്കുമെന്നും ആരും അത് തിരിച്ചറിയാത്തതാണെന്നും നടി കൂട്ടിച്ചേർത്തു.