അടിപൊളി വസ്ത്രങ്ങൾ അണിഞ്ഞാണ് സിനിമാ താരങ്ങൾ പൊതുപരിപാടികളിലും സ്റ്റേജ് പരിപാടികളിലുമൊക്കെ പങ്കെടുക്കാറുള്ളത്. വലിയ വിലയുള്ള വസ്ത്രങ്ങളാവും മിക്കവരും ധരിക്കുക. ചില താരങ്ങൾ ഒരിക്കൽ ഉപയോഗിച്ച വസ്ത്രം പിന്നെ ധരിക്കുന്നത് കുറവായിരിക്കും.
എന്നാൽ നടി മൃണാൾ ഠാക്കൂർ ഇക്കാര്യത്തിൽ ഇത്തിരി വ്യത്യസ്തയാണ്. വസ്ത്രങ്ങൾക്ക് വേണ്ടി അമിതമായി പണം ചെലവാക്കാത്ത ആളാണ് മൃണാൾ. വസ്ത്രങ്ങൾക്ക് വേണ്ടി അമിതമായി പണം ചെലവിടാൻ തനിക്കു താല്പര്യമില്ല എന്ന് മൃണാൾ വ്യക്തമാക്കിയിരിക്കുന്നു.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് മൃണാൾ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞത്. വീണ്ടും ധരിക്കാൻ പറ്റാത്ത വസ്ത്രമാണെങ്കിൽ അതിനായി കൂടുതൽ പണം ചെലവഴിക്കേണ്ട കാര്യമില്ലെന്നാണ് മൃണാൾ പറയുന്നത്.
ഞാൻ ഒരു ടോപ്പിനായി ചെലവാക്കിയ പരമാവധി തുക 2,000 രൂപയാണ്. അത് പോലും വളരെ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്. പലപ്പോഴും അഭിമുഖങ്ങളിൽ വരുമ്പോൾ വസ്ത്രം കടം വാങ്ങാറാണ് പതിവ്. വസ്ത്രത്തിനായി ഒരുപാട് പണം ചെലവാക്കേണ്ടതില്ല.
ആ പണം ഭക്ഷണത്തിനായോ ചെടികൾ വാങ്ങാനോ ഉപയോഗിക്കാം. ഒരിക്കൽ ധരിച്ച വസ്ത്രങ്ങൾ വീണ്ടും ധരിക്കാറുണ്ട്. വസ്ത്രത്തിനൊപ്പം ആക്സസറീസിനും ബാഗിനും ഷൂസിനുമെല്ലാം മാറ്റം കൊണ്ടുവന്നാൽ അത് പുതിയതായി തോന്നും.
ഒരിക്കലും ട്രെന്റിന്റെ പുറകെ പോകരുത്. ആറ് മാസമോ ഒരു വർഷമോ കഴിഞ്ഞാൽ എല്ലാ ട്രെന്റും പഴയതാകും. ട്രെന്റിന് അനുസരിച്ച് വസ്ത്രങ്ങൾ വാങ്ങിയാൽ അത് വൈകാതെ ഉപയോഗിക്കാൻ പറ്റാതാകും. ഡിസൈൻഡ് വസ്ത്രങ്ങൾ പലപ്പോഴും ഉപയോഗിച്ചതിന് ശേഷം തിരിച്ചുനൽകും.
അത് ഡിസൈനർമാർ മറ്റുള്ളവർക്ക് നൽകാറുണ്ട്. സെലിബ്രിറ്റികൾ ഉപയോഗിച്ച വസ്ത്രം വാങ്ങാൻ പലർക്കും ഇഷ്ടമാണ്. റിയാനയെല്ലാം ധരിച്ച വസ്ത്രം വാങ്ങാൻ എനിക്കും ഇഷ്ടമാണ്- മൃണാൾ പറഞ്ഞു. വസ്ത്രകാര്യത്തിൽ ഇത്ര സിംബിൾ ആയിരുന്നോ മൃണാൾ എന്നാണിപ്പോൾ ആരാധകർ ചോദിക്കുന്നത്.